മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; ആനമതിൽ നിർമാണം പുനരാരംഭിച്ചു

ഇരിട്ടി∙ മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന് ആറളത്ത് ആനമതിൽ നിർമാണം പുനരാരംഭിച്ചു. മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയും പിന്നീട് പൂർണമായും നിലയ്ക്കുകയും ചെയ്ത പ്രവൃത്തിയാണ് തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതിനു പിന്നാലെ തുടങ്ങിയത്. 3 കേന്ദ്രങ്ങളിലാണു പ്രവൃത്തി തുടങ്ങിയത്. ഇരുപത്തഞ്ചോളം ജോലിക്കാരാണുള്ളത്. മരാമത്ത് കെട്ടിടനിർമാണ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി.സനിലയുടെ നേതൃത്വത്തിൽ നിരീക്ഷണവും നടത്തുന്നുണ്ട്.ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ പണിയുന്ന ആനമതിലിന്റെ നിർമാണം മാർച്ച് 31ന് അകം പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ.കേളു നിർദേശിച്ചിരുന്നു. പട്ടികവർഗ കമ്മിഷനും ഇതേ ഉത്തരവ് നൽകിയിരുന്നു. സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ നിർമാണം വൈകുന്നതു മൂലമുണ്ടാകുന്ന ഭീഷണി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
അനിശ്ചിതത്വത്തിൽ 4 കിലോമീറ്റർ
അതേസമയം മരം മുറിച്ചുമാറ്റി ഭൂമി കൈമാറാത്തതിനാൽ 4 കിലോമീറ്ററോളം ദൂരം നിർമാണം തുടങ്ങുന്നതു ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ബാക്കി ദൂരം മാർച്ച് 31ന് അകം പൂർത്തീകരിക്കുമെന്ന് കരാറുകാർ മരാമത്തുവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. വളയംചാൽ വനം ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പുതോട് 55 വരെ 9.890 കിലോമീറ്റർ നീളത്തിലാണു 37.9 കോടി രൂപ ചെലവിൽ മതിൽ നിർമിക്കുന്നത്. ഇതിൽ 3.150 കിലോമീറ്റർ ദൂരം മാത്രം ആണു പൂർണമായി മതിൽ പൂർത്തിയായത്.
കാട്ടാനക്കൂട്ടം ഷെഡും പട്ടിക്കൂടും തകർത്തു
ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമായി തമ്പടിച്ച കാട്ടാനക്കൂട്ടം ബ്ലോക്ക് 7ൽ ബിനുവിന്റെ ഷെഡും പട്ടിക്കൂടും ഉൾപ്പെടെ തകർത്തു. ബ്ലോക്ക് 13ൽ ഉൾപ്പെടെ 7 ഇടങ്ങളിലാണ് വീടുകളുടെ സമീപത്ത് അടക്കം ആനക്കൂട്ടം ഭീഷണി തീർത്തത്. കൃഷിവിളകളും നശിപ്പിച്ചു. ആർ.ആർ.ടി സംഘമാണു രാത്രി ആനകളെ തുരത്തിയത്.