ഉത്സവമേളവുമായി അണ്ടലൂരിൽ മൺകലങ്ങളെത്തി

പിണറായി:വീടുപെയിന്റടിക്കലും പറമ്പും പരിസരവും വൃത്തിയാക്കലുമായി അണ്ടലൂർ കാവ് തിറമഹോത്സവത്തിനായി ധർമടം ഗ്രാമത്തിൽ ഒരുക്കങ്ങൾ തകൃതിയായി. അണ്ടലൂർ കാവ് പരിസരത്ത് ഉത്സവവരവറിയിച്ച് പതിവ് തെറ്റാതെ മൺകലങ്ങളുമായി വിൽപ്പനക്കാരെത്തി. ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടത്തെ വീടുകളിൽ ഉപയോഗിക്കുക. വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്ന പാലക്കാട്, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തവണയും മൺപാത്ര വിൽപ്പനയ്‌ക്കെത്തിയത്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 10 മുതൽ 600 രൂപവരെയാണ് വില. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനയ്‌ക്കുണ്ട്. സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റം കച്ചവടത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് മൺപാത്ര വിൽപ്പനയ്‌ക്കെത്തിയ കമല പറയുന്നു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതും ഉൽപ്പാദന സാമഗ്രികൾ കിട്ടാത്തതും പ്രതിസന്ധിയാണെന്നും ഇവർ പറയുന്നു. കമലമ്മ, മണികണ്ഠൻ തുടങ്ങിയ പതിനഞ്ചോളം തൊഴിലാളികളാണ് മൺപാത്ര വിൽപ്പനയ്ക്ക് എത്തിയത്. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഇവർ മൺചട്ടി വിൽപ്പനയ്‌ക്കായി അണ്ടലൂരിലെത്തുന്നത്. അണ്ടലൂരിലെ ജനങ്ങളുമായി നല്ല സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നു. ഫെബ്രുവരി 13 മുതൽ 19വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം.