ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന ഉത്തരവിന് സ്റ്റേ

വാഷിങ്ടൺ: അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം റദ്ദാക്കിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിൽ ആസ്ഥാനമായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജോൺ കൗഗെനറാണ് എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. 14 ദിവസത്തേക്ക് നടപടികൾ നിർത്തിവെയ്ക്കാനാണ് കോടതി നിർദേശം. അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ, വാഷിംഗ്ടൺ എന്നീ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം റദ്ദാക്കിയ നടപടിയിൽ കോടതി വാദം കേട്ടത്. ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നും ജഡ്ജി പ്രസ്താവിച്ചു.
ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ശ്രമത്തെ തടഞ്ഞ ഫെഡറൽ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീൽ പോകുമന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അമേരിക്കയിൽ താൽക്കാലിക എച്ച്-1ബി, എൽ1 വിസകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ 7.25 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് കണക്ക്.
പ്രസിഡന്റായി സ്ഥാനമേറ്റ അതേ ദിവസമാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നെന്ന പരാമർശം ഡൊണൾഡ് ട്രംപ് നടത്തിയത്. എക്സിക്യൂട്ടീവ് ഉത്തരവ് ഫെബ്രുവരി 20-ന് പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. ഉത്തരവ് നിലവിൽവരുംമുമ്പ് കുഞ്ഞിന് ജന്മംനൽകാൻ സിസേറിയൻ നടത്താൻ പ്രസവ ക്ലിനിക്കുകളിൽ തിരക്കേറിയതായാണ് വിവരം. എട്ടും ഒമ്പതും മാസം ഗർഭിണികളായ നിരവധിപ്പേർ 20ന് മുമ്പ് സിസേറിയൻ നടത്തണമെന്ന ആവശ്യവുമായി ഗൈനക്കോളജിസ്റ്റുകളെ സമീപിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.