കേളകത്ത് ഗവ.യു.പി സ്കൂളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതായി പരാതി

കേളകം : ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂളില്‍ പ്രീ പ്രൈമറി കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് ബാലാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തു.എസ്.സി.ഇ.ആര്.ടി. രൂപീകരിച്ച പാഠ്യപദ്ധതി സ്കൂളിൽ നടപ്പാക്കാത്തതിനും രക്ഷിതാക്കളില്‍ നിന്ന് ഫീസും ഇംഗ്ലീഷ് ബുക്കിന്റെ വില വാങ്ങിയതിനും രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ പാഠ്യപദ്ധതി പാലിക്കാതെ സ്വകാര്യ കമ്പനിയുടെ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക് രക്ഷിതാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിനുമാണ് ബാലാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തത്. ഒരു ബുക്കിന് 200 രൂപ വെച്ചാണ് ഈടാക്കിയത്. കുട്ടികളില്‍ നിന്നും ഫീസ് ഇനത്തില്‍ 225 രൂപ വാങ്ങിയതായും പരാതിയുണ്ട്. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന 2013- ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂളിലെ പ്രീപ്രൈമറി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കിയത്.
പ്രഥമാധ്യാപകന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മാതാപിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പക്കുന്നതായിയും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പരാതി ഉന്നയിച്ചതിന്റെ പേരില്‍ രണ്ട് കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്. ഒരു ആണ് കുട്ടിയെയും ഒരു പെണ് കുട്ടിയെയുമാണ് പുറത്താക്കിയത്. തുടര്‍ച്ചയായി ക്ലാസില്‍ വരാത്ത കുട്ടിയുടെ വീട്ടില്‍ ക്ലാസ് ടീച്ചറും സ്കൂള്‍ അധികൃതരും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെ ചെന്ന് വിവരങ്ങള്‍ തിരക്കിയ ശേഷം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടിയെ പുറത്താക്കാവൂ എന്നാണ് ചട്ടം. ഈ നടപടി പാലിക്കാതെയാണ് രണ്ട് കുട്ടികളെയും പുറത്താക്കിയതെന്നാണ് ആക്ഷേപം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന് എ.ഇ.ഒ, പ്രഥമാധ്യാപകന് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.