25 ശനിയാഴ്ചകളിലെ പ്രവൃത്തിദിനം വിവാദമായി: സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധസമിതി

Share our post

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയത് വിവാദമായതോടെ, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപവത്കരിച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ഈ നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസമാണ് കാലാവധി.കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ. വി.പി. ജോഷിത്ത്, എന്‍.എച്ച്.എം. നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റില്‍, ശിശുരോഗവിദഗ്ദ്ധ ഡോ. ദീപ ഭാസ്‌കരന്‍, എസ്.എസ്.കെ. മുന്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. ജയരാജ്, എസ്.സി.ഇ.ആര്‍.ടി. മുന്‍ ഫാക്കല്‍റ്റി എം.പി. നാരായണന്‍ ഉണ്ണി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.

ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളുമായി സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഹൈക്കോടതി വിധിയുടെപേരില്‍ പുറത്തിറക്കിയതാണ് കലണ്ടര്‍ എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഈ നടപടിയെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം.

ഉദ്യോഗസ്ഥതല ഗൂഢാലോചനയിലാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം. അതുകൊണ്ടുതന്നെ കലണ്ടര്‍ ബഹിഷ്‌കരിക്കാനായിരുന്നു ഭൂരിപക്ഷം അധ്യാപക സംഘടനകളുടെയും തീരുമാനം. കഴിഞ്ഞ വര്‍ഷം 210 പ്രവൃത്തിദിനങ്ങളാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തെത്തുടര്‍ന്ന് 205 ആക്കി കുറച്ചിരുന്നു.

സ്വകാര്യ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇതിനെ ചോദ്യംചെയ്ത് ചില അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതി 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ നടപടി പുനഃപരിശോധിക്കാനും ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുവാനും നിര്‍ദേശിച്ചത്. തുടര്‍ന്ന് 2024 സെപ്തംബര്‍ ഒമ്പതിന് സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ ഹിയറിങ് നടത്തി. പിന്നാലെയാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപവത്കരിച്ചത്.

നിലവിലെ വിദ്യാഭ്യാസ കലണ്ടര്‍ ഇങ്ങനെ

2024-25 അധ്യയനവര്‍ഷം – 220 പ്രവൃത്തിദിനങ്ങള്‍

മൊത്തം 25 ശനിയാഴ്ച സ്‌കൂള്‍ തുറക്കണം

16 ശനിയാഴ്ചകള്‍ തുടര്‍ച്ചയായി ആറാം പ്രവൃത്തിദിനം

സ്‌കൂള്‍ തുറക്കുന്ന ശനിയാഴ്ചകള്‍:

ജൂണ്‍: 15, 22, 29

ജൂലായ്: 20, 27

ഓഗസ്റ്റ്: 17, 24, 31

സെപ്റ്റംബര്‍: 7, 28

ഒക്ടോബര്‍: 5, 26

നവംബര്‍: 2, 16, 23, 30

ഡിസംബര്‍: 7

ജനുവരി: 4, 25

ഫെബ്രുവരി: 1, 15, 22

മാര്‍ച്ച്: ഒന്ന്, 15, 22.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!