ആറളം ഫാമിൽ ഉദ്പാദിപ്പിച്ച എള്ളെണ്ണ വിപണിയിലേക്ക്

ഇരിട്ടി: ആറളം ഫാം വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൃഷി ചെയ്ത എള്ളിൽ നിന്നും ഉല്പാദിപ്പിച്ച ശുദ്ധമായ എള്ളെണ്ണ വിപണിയിലേക്ക്. കണ്ണൂർ ജില്ലാ കലക്ടറും ആറളം ഫാം ചെയർമാനുമായ അരുൺ കെ. വിജയൻ ഐ.എ.എസ് ജില്ലാ പോലീസ് മേധാവി പനിവാല്‍ ഐ.പി.എസ്, കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എസ്. വൈശാഖ് ഐ.എഫ്.എസ് എന്നിവർക്ക് എള്ളെണ്ണ നൽകിക്കൊണ്ട് ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രാഹി ഐ. എ.എസ് ഫാമിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശുദ്ധമായ എള്ളണ്ണ ലിറ്ററിന് 500 രൂപ നിരക്കിലാണ് വിപണനം ചെയ്യുന്നത്.ഫാമിൽ വിളയിക്കുന്ന കാർഷിക വിളകൾ മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി വിപണിയിൽ ഇറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഫാം ബ്ലോക്ക് 1, 6, 8 എന്നിവിടങ്ങളിലായി 6 ഹെക്ടർ സ്ഥലത്ത് കൃഷി നടത്തിയതിൽ ആദ്യഘട്ടത്തിൽ 750 കിലോ എള്ളിൽ നിന്നും ഉദ്പാദിപ്പിച്ച 200 ലിറ്റർ എണ്ണയാണ് ഇപ്പോൾ വിൽപ്പനക്കായി തയാറാക്കിയിരിക്കുന്നത്.