വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും കെ.കെ ഗോപിനാഥനും അറസ്റ്റിൽ

Share our post

കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം .വിജയനും മകൻ ജിജേഷും ജീവനൊടുക്കിയസംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനും മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥനും അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ജാമ്യത്തിൽ വിട്ടു.ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഇവരുടെ വീടുകളിലും ഓഫീസുകളിലുമടക്കം പരിശോധന നടത്തുകയും അനുബന്ധ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എൻഎം വിജയൻറെ ആത്മഹത്യ കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു. കൽപ്പറ്റയിലെ ഡിസിസി ഓഫീസും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഓഫീസ് രേഖകളും കണക്കും മിനുട്സും ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയിൽ നിന്ന് എൻഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ എൻഎം വിജയൻറെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വ്യാഴം മുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. രാവിലെ 10 മുതൽ അഞ്ചുവരെ സമയബന്ധിത കസ്‌റ്റഡിയിൽ പൊലീസ്‌ എംഎൽഎയെ ചോദ്യം ചെയ്യും. മൂന്ന്‌ ദിവസം ചോദ്യം ചെയ്യലിന്‌ അന്വേഷകസംഘത്തിന്‌ മുമ്പിൽ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ്‌ കേസിൽ എംഎൽഎക്ക്‌ കോടതി മുൻകൂർ ജാമ്യം നൽകിയത്‌. ആത്മഹത്യാപ്രേരണാക്കേസിൽ പ്രതിയായ എംഎൽഎ ദിവസങ്ങളോളം ഒളിവിലായിരുന്നു.പദവി രാജിവയ്‌ക്കാതെയും കോൺഗ്രസ്‌ നടപടിയെടുക്കാതെയുമാണ്‌ എൻ ഡി അപ്പച്ചൻ ചോദ്യംചെയ്യലിന്‌ വിധേയമാകുന്നത്‌. രാഷ്‌ട്രീയ ധാർമികത തരിമ്പില്ലെന്ന്‌ ഡിസിസി പ്രസിഡന്റും പാർടിയും അടിവരയിടുകയാണ്‌. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ ഒന്നും ഡിസിസി പ്രസിഡന്റ്‌ രണ്ടും പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖച്ഛായ പൂർണമായും നഷ്ടപ്പെട്ടു.

പാർടിയിൽ പ്രവർത്തകർക്കും ജനങ്ങൾക്കുമുള്ള വിശ്വാസം തകർന്നു. പ്രതിരോധമൊന്നുമില്ലാതെ നേതൃത്വം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഒരു രാഷ്‌ട്രീയ പാർടിയുടെ ജില്ലാ പ്രസിഡന്റും എംഎൽഎയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളാകുന്നത്‌ ജില്ലയിൽ ആദ്യമാണ്‌. ഇരുവരും രാജിവച്ചൊഴിയണമെന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം മാനിക്കാതെ പദവികളിൽ കടിച്ചുതൂങ്ങുകയാണ്‌. വർഷങ്ങളായി കോൺഗ്രസ്‌ ജില്ലയിൽ നടത്തുന്ന നിയമനക്കോഴയുടെ ഇരകളായാണ്‌ മുതിർന്ന നേതാവ്‌ എൻ എം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. വളർത്തി വലുതാക്കിയ മകന്റെ വായിലേക്ക്‌ വിഷം ഒഴിച്ചുകൊടുത്ത്‌ എൻ എം വിജയന്‌ ജീവനൊടുക്കേണ്ടിവന്ന ദുരവസ്ഥയ്‌ക്ക്‌ കാരണക്കാരായവർക്ക്‌ കടുത്തശിക്ഷ നൽകണമെന്നതാണ്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!