മാലൂരിലെ അമ്മയുടെയും മകന്റെയും മരണം:മകൻ അമിത മദ്യപാനി, വാക്കുതർക്കം പതിവെന്ന് നാട്ടുകാർ

മാലൂർ(കണ്ണൂർ): മാലൂരിൽ അമ്മ നിർമലയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സംശയിക്കുന്ന സുമേഷ് നിരന്തരം തല്ലുകൂടുന്നത് കാരണം കുറച്ചുകാലമായി സുഹൃത്തുകളുമായി ബന്ധം സ്ഥാപിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ച് അഞ്ചുതവണ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.ഞായറാഴ്ച രാത്രി അമ്മയും മകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതോടെ ഉണ്ടാക്കിയ ഭക്ഷണം രണ്ടുപേരും കഴിച്ചില്ലെന്ന് വീട്ടിനകത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. പാകംചെയ്ത ചോറും കറിയും അടുക്കളയിൽ അടച്ചുവെച്ചനിലയിലാണ്. രാത്രി മദ്യപിച്ചെത്തിയ സുമേഷ് അമ്മയുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാൻ തയ്യാറായില്ലെന്നാണ് കരുതുന്നത്.
വീട്ടിന് പിറകിലായി നിർമലയുടെ അനുജത്തിയുടെ വീടും മുൻഭാഗത്ത് സഹോദരന്റെ വീടുമാണ്. എന്നാൽ, ഇവരുമായി കാര്യമായ ബന്ധമൊന്നും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. നിർമല സൗഹൃദം സ്ഥാപിക്കാറുണ്ടെങ്കിലും സുമേഷിന് എതിർപ്പായിരുന്നു.മരപ്പണിക്കാരനായിരുന്ന സുമേഷിന് പിന്നീട് കെ.എസ്.ഇ.ബി.യിൽ ലൈൻമാനായി ജോലി ലഭിച്ചിരുന്നു. പെരളശ്ശേരിയിൽ ജോലിചെയ്യുന്നതിനിടെ നാട്ടിലെ തിറഉത്സവത്തിൽ നാട്ടുകാരനായ അധ്യാപകനെ വീട്ടിൽ കയറി അക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്തതിന് ജോലിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞമാസമാണ് ജോലിക്ക് വീണ്ടും പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഇടുക്കി മറയൂരിലാണ് വീണ്ടും നിയമനം ലഭിച്ചത്. ഇതോടെ ജോലിക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തോടെ ആശാവർക്കർ ചെമ്മരം ഷൈനി വീട്ടിലെത്തിയപ്പോൾ ആരും വിളികേട്ടില്ല. വീട്ടിനകത്തെയും പുറത്തെയും വിളക്കുകൾ കത്തുന്നതും വാതിൽ പാതി തുറന്നിട്ടതും ശ്രദ്ധയിൽപ്പെട്ടതോടെ മാലൂർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് താഴത്തെ നിലയിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.സുമേഷ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കിടുന്നത് നിത്യ സംഭവമാണെന്ന് പോലീസും നാട്ടുകാരും പറയുന്നു. ബന്ധുക്കളെയും അയൽവാസികളെയും ചീത്ത വിളിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. അതിനാൽ മിക്കവരും വീട്ടിലേക്ക് പോകാറില്ല.അച്ഛൻ ചെക്കിയോടൻ വത്സൻ നേരത്തേ മരിച്ചിരുന്നു. കണ്ണൂർ റൂറൽ എസ്.പി. അനൂജ് പലിവാൽ, പേരാവൂർ ഡിവൈ.എസ്.പി. പി.പ്രമോദൻ തുടങ്ങിയവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മാലൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.
സുമേഷിന്റെ പച്ചക്കറികൾ വിളവെടുക്കാനായി നിൽക്കുന്നു
ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തപ്പോൾ സുമേഷ് മുഴുവൻ സമയ കർഷകനായി. വീടിന് ചുറ്റുമുള്ള സ്ഥലത്തെല്ലാം പച്ചക്കറി കൃഷിയും കപ്പയും നട്ടുവളർത്തി. അവയൊക്കെ ഈമാസം വിളവെടുക്കാൻ നിൽക്കവെയാണ് മരണത്തിന് കീഴടങ്ങിയത്.ഒഴിവുസമയങ്ങളിൽ സമീപത്തെ പുഴയിൽനിന്ന് മീൻ പിടിച്ച് വില്പന നടത്താറുണ്ട്. കെ.എസ്.ഇ.ബി.യിൽ ജോലിചെയ്യുമ്പോഴും സമീപത്തെ വീടുകളിൽ മരപ്പണി ചെയ്ത് സഹായിക്കുകയും ചെയ്യാറുള്ളതായി നാട്ടുകാർ ഓർക്കുന്നു.