അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി

കണ്ണൂർ: കല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനത്തിനെതിരെ നടപടി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ 12 ലോറികളും മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു.
2.33 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. മേഖലയിലെ കൂടുതൽ അനധികൃത ചെങ്കല്ല് പണകള്ക്കെതിരെയും നടപടി തുടങ്ങി. വരുംദിവസങ്ങളിലും തുടര്‍ പരിശോധന നടത്തി ശക്തമായ നടപടി തുടരുമെന്ന് ജിയോളജിസ്റ്റ് കെ.ആര്. ജഗദീശന് അറിയിച്ചു.നിയമങ്ങൾ കാറ്റിൽ പറത്തി മേഖലയിൽ ചെങ്കല്ല് ഖനനം നടക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. കല്യാട് സ്ഥാപിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഉൾപ്പെടെ അനധികൃത ഖനനം നടക്കുന്നുണ്ട്.
ഏതാനും സെന്റ് സ്ഥലത്തിനു മാത്രം അനുമതി വാങ്ങിയ ശേഷം ഏക്കർ കണക്കിനു സ്ഥലം അനധികൃതമായി ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു.അനധികൃത ഖനനം നടക്കുന്നതായ പരാതികളെ തുടർന്ന് നേരത്തെ പ്രദേശത്ത് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്ത് കലക്ടർ ഖനനം നിരോധിച്ചിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഖനനം പുനരാരംഭിച്ചത്.ജില്ലയിൽ വിവിധ മേഖലകളിൽ അനധികൃത ഖനനം നടക്കുന്നതായി പരാതിയുണ്ട്. വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ല ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധനകൾ നടത്തണമെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടർക്ക് നിർദേശം നല്‍കിയിരുന്നു. അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിരവധി തവണ സ്റ്റോപ് മെമ്മോ നൽകിയിട്ടും പിഴ ചുമത്തിയിട്ടും തുടരുന്നതായും പരാതിയുണ്ട്.