വീഗനൊപ്പം വളർന്ന് കേരളത്തിലെ ചക്ക വിപണിയും, കിലോയ്ക്ക് 70 രൂപ വരെ

Share our post

പന്തളം: ‘വീഗൻ’ വിപണി രാജ്യത്ത് കുതിക്കുമ്പോൾ കേരളത്തിലെ ചക്കവിപണിക്കും അത് ഊർജമായി. മൂപ്പെത്തുംമുമ്പുള്ള ചക്ക വൻതോതിൽ ഇപ്പോൾ കയറ്റിപ്പോകുന്നു. ചക്കയുടെ സീസൺ ആരംഭിച്ചപ്പോൾത്തന്നെ ആവശ്യകത ഇരട്ടിയായി. ഇടിച്ചക്ക മുതൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചുതുടങ്ങിയതോടെ ഇരട്ടിയോടടുത്താണ് വില. കേരളത്തിലെ ചക്കയ്ക്കാണ് ഏറെ പ്രിയം.തമിഴ്‌നാട്ടിലേക്കും വടക്കൻ സംസ്ഥാനങ്ങളിലേക്കുമാണ് ചക്ക കൂടുതലായി കയറ്റിവിടുന്നത്.പ്രധാനമായി വിവിധതരം അച്ചാറുകൾ, ചക്കയുടെ മറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് മൂക്കാത്തചക്ക ഇവിടെനിന്ന് കൊണ്ടുപോകുന്നത്. മസാല ചേർത്ത വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ പട്ടികയിലും മൂക്കാത്തചക്ക സ്ഥാനം പിടിച്ചിട്ടുണ്ട്.

കിലോയ്ക്ക് 70 വരെ രൂപ

കിലോയ്ക്ക് 30 മുതൽ 50 വരെയാണ് മൊത്തവില. ചില്ലറവിൽപ്പനയിൽ വില 70 രൂപയിൽ എത്തിനിൽക്കുന്നു. അച്ചാറുകൾ പോലെയുള്ള ഉത്പന്നമായി ഇത് തിരികെ കേരളത്തിലേക്കെത്തുന്നുമുണ്ട്.

അച്ചാർ കമ്പനിക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിൽ തൂക്കമുള്ള ചക്കയാണ് കയറ്റി അയയ്ക്കുന്നവയിൽ അധികവും. തമിഴ്‌നാട്ടിലേക്ക് അധികവും കൊണ്ടുപോകുന്നത് മൂത്തചക്കയാണ്. സീസൺ അല്ലാതെ കായ്ക്കുന്ന പ്ലാവുകൾ കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്നതാണ് എക്കാലത്തുമുള്ള ഉത്പാദനത്തിനും വിപണനത്തിനും ആധാരമെന്ന് ചക്കക്കൂട്ടം ഗ്രൂപ്പ് അഡ്മിൻ ആർ.അശോക് പറഞ്ഞു.

അധികം ഉയരം വരാത്തതും ഏതാണ്ട് എല്ലാ കാലത്തും ചക്കയുണ്ടാകുന്നതുമായ പ്ലാവുകളുള്ളതിനാൽ എപ്പോഴും സംസ്‌കരണവും വിപണനവും സുഗമമായി നടക്കുമെന്നതുതന്നെയാണ് പ്രധാനമെന്ന് ചക്കക്കൂട്ടം കോഡിനേറ്റർ അനിൽ ജോസ് പറയുന്നു.

വീഗൻ എന്നാൽ

മത്സ്യ മാംസാദികളും പാലും പാലുത്പന്നങ്ങളും മുട്ടയും പൂര്‍ണമായി വര്‍ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണിത്. വീഗന്‍ ആഹാരക്രമം എന്നത് വെറുമൊരു ഭക്ഷണക്രമത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. ഇറച്ചിയും മീനും കൂടാതെ പാല്‍ പോലും കഴിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കരുതുന്നവരാണ് വീഗനുകള്‍. കഴിവിന്റെ പരമാവധി മൃഗങ്ങളെ ഉപയോഗിക്കുന്നതോ, ചൂഷണം ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഒഴിവാക്കുന്നു. പോഷണം, ധാര്‍മ്മികത, പരിസ്ഥിതിസ്‌നേഹം, ആരോഗ്യസംരക്ഷണം എന്നിവയെല്ലാം ഒരാളെ വീഗനാക്കുന്നതില്‍ പങ്കുവഹിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!