കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടമായി; ഉദ്ഘാടനം തീരുമാനമായില്ല

ചിറ്റാരിപ്പറമ്പ്: 24 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടമായി. നിർമാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം എന്നു നടക്കുമെന്ന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷനുകൾ ഹൈടെക് ആകുമ്പോഴും കണ്ണവം പൊലീസ് സ്റ്റേഷൻ കെട്ടിടം തകർച്ച ഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത നൽകിയിരുന്നു. വാർത്തയുടെ ചിത്രം ഉൾപ്പെടെ നൽകിയാണു കണ്ണവം നിവാസികൾ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സുധാകരൻ എം.പി, കെ.കെ.ശൈലജ എം.എൽ.എ, ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയത്.
കണ്ണൂരിൽ നടന്ന പൊലീസിന്റെ ജില്ലാ തല പരാതി പരിഹാര അദാലത്തിലും കണ്ണവം പൗരസമിതി പ്രവർത്തകർ മലയാള മനോരമ നൽകിയ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടു കണ്ണവം സ്റ്റേഷന്റെ ചോർന്നൊലിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകി. ഈ പരാതികളുടെ അടിസ്ഥാനത്തിലാണു മുൻ ഡിജിപി അനിൽ കാന്ത് വനം വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ 27 സെന്റിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശം നൽകിയത്. കണ്ണവം വില്ലേജ് ഓഫിസിന് സമീപത്തുള്ള 27 സെന്റാണ് വനം വകുപ്പ് പൊലീസിന് വിട്ടു നൽകിയത്.
ഉദ്ഘാടനം നടന്നാലും വഴി ഉണ്ടാവില്ല
പുതിയ കെട്ടിടം നിർമിക്കാൻ കണ്ണവം വില്ലേജ് ഓഫിസിനോട് ചേർന്നുള്ള വനം വകുപ്പിന്റെ സ്ഥലം ലഭിച്ചെങ്കിലും ഈ സ്ഥലത്തേക്കുള്ള റോഡ് നിർമിക്കാനായി ലഭിക്കേണ്ട സ്ഥലത്തിന്റെ ഫയലുകൾ ചുവപ്പ് നാടയ്ക്കുള്ളിൽ കുരുങ്ങി. ഇതോടെ സ്റ്റേഷൻ നിർമാണം നിലച്ചു. എന്നാൽ സ്റ്റേഷൻ നിർമാണം നിലയ്ക്കാതിരിക്കാൻ സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടെ നിർദിഷ്ട സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലേക്ക് പുതിയ റോഡ് നിർമിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയുടെ ഫയലുകൾ ഇന്നും ചുവപ്പ് നാടയിൽ തന്നെയാണ്. വനം വകുപ്പും ആഭ്യന്തര വകുപ്പും തമ്മിലുള്ള പ്രശ്നമാണ് സ്ഥലം വിട്ടു നൽകാത്തത് എന്നും സൂചനയുണ്ട്.
അവസ്ഥപരിതാപകരം
ടാർപ്പായ വലിച്ചു കെട്ടിയ പൊളിഞ്ഞുവീഴാറായ ഇരുനില കെട്ടിടത്തിൽ 44 ജീവനക്കാരാണു നിലവിൽ ജോലി ചെയ്യുന്നത്. പ്രതികൾ സ്റ്റേഷൻ വരാന്തയിലെ ബെഞ്ചിലാണ് ഇരിക്കുന്നത്. സുരക്ഷിതമായ ലോക്കപ്പോ, പ്രതികളെ ചോദ്യം ചെയ്യാനോ സ്ഥലമില്ല. എന്തിനേറെ, തൊണ്ടി മുതൽ സൂക്ഷിക്കാൻ പോലും സ്ഥലമില്ല. വലിയ കേസുകളിലെ പ്രതികളെ കൂത്തുപറമ്പ് സ്റ്റേഷനിലെ ലോക്കപ്പിലാണു താമസിപ്പിക്കുന്നത്. വൃത്തിയുളള വനിതാ ശുചിമുറിയോ പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പരാതിയുമായി വരുന്ന നാട്ടുകാർ കുടയും ചൂടി സ്റ്റേഷന്റെ വളപ്പിലെ മരച്ചുവടുകൾ തേടണം.
പുതിയ കെട്ടിടം 8000 ചതുരശ്രയടിയിൽ
8000 ചതുരശ്രയടിയിൽ രണ്ടു നിലകളായാണു പുതിയ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. വേണമെങ്കിൽ രണ്ടാം നിലയിലും നിർമാണം നടത്താം. സേവനങ്ങൾ തേടി വരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പു കേന്ദ്രം, ഹെൽപ് ഡെസ്ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജന സൗഹൃദ പൊലീസ് സ്റ്റേഷനാകും പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല. 2.20 കോടി രൂപ ചെലവിലാണു നിർമാണം.