കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടർ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്സോ കേസ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ അറിയുന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇതില്‍ അരുണ്‍കുമാറാണ് ഒന്നാംപ്രതി.വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.കലോത്സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാര്‍ഥ പ്രയോഗം. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചാനല്‍ മേധാവിയില്‍നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.