വിതരണ കരാറുകാരുടെ പണിമുടക്ക്: റേഷൻ കടകൾ കാലി

കണ്ണൂർ: ജില്ലയിലെ റേഷൻ കടകൾ കാലി. ഉപഭോക്താക്കൾ അരി ലഭിക്കാതെ മടങ്ങുന്നു. പൊതുവിപണിയിൽ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിൽ സാധാരണക്കാർ വലയുന്നു. സബ്സിഡിയിനത്തിൽ നൽകാനുള്ള കുറച്ച് അരിയുടെ സ്റ്റോക്ക് മാത്രമാണ് ജില്ലയിലെ റേഷൻ കടകളിൽ മിക്കതിലും ഉള്ളത്. വെള്ള കാർഡ് അടക്കമുള്ള സബ്സിഡി ഇതര കാർഡുടമകൾ അരി ലഭിക്കാതെയാണ് റേഷൻ കടകളിൽ നിന്ന് മടങ്ങുന്നത്. മുൻഗണനാ കാർഡിനുള്ള അരിയും രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഇതോടെ ജില്ലയിലെ റേഷൻ കടകൾ അടച്ചിടേണ്ട അവസ്ഥയിലാണ്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി ലോറികളിൽ എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് കാരണം. ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും അരി എത്തിച്ച വകയിൽ ഭീമമായ കുടിശിക ബാക്കിയുള്ള അവസ്ഥയിലാണ് കരാറുകാർ ഈ മാസം ഒന്നിന് ശേഷം സമരം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ജനുവരി മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിയിരുന്നില്ല. ഡിസംബറിലെ വിഹിതത്തിൽ ബാക്കിയുള്ള ധാന്യങ്ങളാണ് പുതു വർഷത്തിന്റെ തുടക്കത്തിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്തത്.
കൊടുക്കാനുള്ളത് വൻതുക
ബിൽ കുടിശിക ഉണ്ടായിരുന്നതിനാൽ ഇതിനു മുൻപും കരാറുകാർ സമരം നടത്തിയിരുന്നു. രണ്ടു വർഷത്തിനിടയിൽ 4 പ്രാവശ്യം ഇത്തരത്തിൽ സമരം നടന്നിരുന്നു. നാലാമത്തെ തവണ റേഷൻ കടകളിൽ അരി ഇല്ലാത്ത സാഹചര്യം വന്നപ്പോൾ പൊതു വിതരണ വകുപ്പ് മന്ത്രി ഇടപെട്ട് പകുതി കുടിശിക തീർപ്പാക്കുകയും ബാക്കിയുള്ള കുടിശിക എത്രയും പെട്ടെന്ന് തീർക്കാമെന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുക പൂർണമായും സെപ്റ്റംബറിലേത് ഭാഗികമായും കൊടുത്തുതീർക്കാനുണ്ടെന്ന് കരാറുകാർ പറയുന്നു. സംസ്ഥാനത്തൊട്ടാകെ ഈ തുക നൂറു കോടിയെങ്കിലും വരുമെന്നാണ് അറിയുന്നത്.
തൊഴിലാളികളും ദുരിതത്തിൽ
മുഴപ്പിലങ്ങാട്∙ എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ചരക്ക് നീക്കം നടത്തുന്ന ലോറി മേഖലയും അരി വിതരണ കരാറുകാരുടെ സമരം കാരണം സ്തംഭനാവസ്ഥയിലാണ്. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് മാത്രം 55 ലോറികൾ അരി വിതരണ മേഖലയിൽ ഉണ്ട്. ജനുവരി 1 മുതൽ ഓട്ടമില്ലാതെ നിർത്തിയിട്ടിരിക്കുകയാണ് ലോറികൾ. പയ്യന്നൂർ എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് ഓടുന്ന ലോറി മേഖലയുടെ സ്ഥിതിയും സമാനമാണ്.
എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ഓടുന്ന ലോറികളിൽ ഉടമകൾ തന്നെയാണ് ജീവനക്കാർ. സ്വയം തൊഴിൽ എന്ന രീതിയിൽ ലോറി വാങ്ങി ഓടിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഈ വർഷം തുടങ്ങിയതു തന്നെ പണിയില്ലാത്ത അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. അരിനീക്കം നടക്കാത്തത് കാരണം എഫ്സിഐ ഗോഡൗൺ, എൻഎഫ്എസ്എ ഗോഡൗണുകൾ എന്നിവിടങ്ങളിൽ ധാന്യങ്ങൾ കയറ്റിറക്കൽ നടത്തുന്ന ചുമട്ടു തൊഴിലാളികൾക്കും ജോലിയില്ലാത്ത അവസ്ഥയാണ്.