കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്

കണ്ണൂർ: കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. മമ്പറം പാച്ചപ്പൊയ്ക സ്വദേശി പവിത്രനെ ഐ.സി.യുവിലേക്ക് മാറ്റി. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ ബന്ധുക്കൾ മരിച്ചെന്ന് കരുതുകയായിരുന്നു. കണ്ണൂർ ആസ്പത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആസ്പത്രിയിലെ അറ്റൻ്ററാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടതോടെയാണ് മോർച്ചറി നൽകിയതെന്നു ആസ്പത്രി അധികൃതർ അറിയിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ഹെഗ്‌ഡെ ആസ്പത്രിയിലാണ് 67കാരനായ പവിത്രന്‍ ചികിത്സയിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ബന്ധുക്കളുടെ തീരുമാന പ്രകാരമാണ് പവിത്രനെ നാട്ടിലേക്ക് കൊണ്ടുവന്നത്.ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയാണ് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ പവിത്രനെയും കൊണ്ട് ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിയത്.മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രന് ജീവന്റെ തുടിപ്പുണ്ടെന്ന് ആസ്പത്രിയിലെ അറ്റന്റര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ ഡോക്ടര്‍മാരെ വിവരമറിയിച്ച് പവിത്രനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ആസ്പത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് പവിത്രന്‍.