Connect with us

Kannur

ബാസ്‌കറ്റ്ബോൾ സെലക്ഷൻ 19ന്

Published

on

Share our post

ബാസ്ക‌റ്റ്ബോൾ ജൂനിയർ, യൂത്ത് സ്റ്റേറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീം (ആൺ, പെൺ) സെലക്ഷൻ 19ന് രാവിലെ 9.30ന് തലശ്ശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ റജിസ്ട്രേഡ് കളിക്കാർ ജൂനിയർ തലത്തിൽ 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവരും യൂത്ത് വിഭാഗത്തിൽ 2009 ജനുവരി ഒന്നിനുശേഷം ജനിച്ചവരുമാകണം. ജനനസർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9847032254.


Share our post

Kannur

വിതരണ കരാറുകാരുടെ പണിമുടക്ക്: റേഷൻ കടകൾ കാലി

Published

on

Share our post

കണ്ണൂർ: ജില്ലയിലെ റേഷൻ കടകൾ കാലി. ഉപഭോക്താക്കൾ അരി ലഭിക്കാതെ മടങ്ങുന്നു. പൊതുവിപണിയിൽ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിൽ സാധാരണക്കാർ വലയുന്നു. സബ്സിഡിയിനത്തിൽ നൽകാനുള്ള കുറച്ച് അരിയു‌ടെ സ്റ്റോക്ക് മാത്രമാണ് ജില്ലയിലെ റേഷൻ കടകളിൽ മിക്കതിലും ഉള്ളത്. വെള്ള കാർഡ് അടക്കമുള്ള സബ്സിഡി ഇതര കാർഡുടമകൾ അരി ലഭിക്കാതെയാണ് റേഷൻ കടകളിൽ നിന്ന് മടങ്ങുന്നത്. മുൻഗണനാ കാർഡിനുള്ള അരിയും രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഇതോട‌െ ജില്ലയിലെ റേഷൻ കടകൾ അടച്ചിടേണ്ട അവസ്ഥയിലാണ്.

എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി ലോറികളിൽ എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് കാരണം. ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും അരി എത്തിച്ച വകയിൽ ഭീമമായ കുടിശിക ബാക്കിയുള്ള അവസ്ഥയിലാണ് കരാറുകാർ ഈ മാസം ഒന്നിന് ശേഷം സമരം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ജനുവരി മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിയിരുന്നില്ല. ഡിസംബറിലെ വിഹിതത്തിൽ ബാക്കിയുള്ള ധാന്യങ്ങളാണ് പുതു വർഷത്തിന്റെ തുടക്കത്തിൽ റേഷൻ കടകളിലൂ‌ടെ വിതരണം ചെയ്തത്.

കൊടുക്കാനുള്ളത് വൻതുക

ബിൽ കുടിശിക ഉണ്ടായിരുന്നതിനാൽ ഇതിനു മുൻപും കരാറുകാർ സമരം നടത്തിയിരുന്നു. രണ്ടു വർഷത്തിനിടയിൽ 4 പ്രാവശ്യം ഇത്തരത്തിൽ സമരം നടന്നിരുന്നു. നാലാമത്തെ തവണ റേഷൻ കടകളിൽ അരി ഇല്ലാത്ത സാഹചര്യം വന്നപ്പോൾ പൊതു വിതരണ വകുപ്പ് മന്ത്രി ഇടപെട്ട് പകുതി കുടിശിക തീർപ്പാക്കുകയും ബാക്കിയുള്ള കുടിശിക എത്രയും പെട്ടെന്ന് തീർക്കാമെന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുക പൂർണമായും സെപ്റ്റംബറിലേത് ഭാഗികമായും കൊടുത്തുതീർക്കാനുണ്ടെന്ന് കരാറുകാർ പറയുന്നു. സംസ്ഥാനത്തൊ‌ട്ടാകെ ഈ തുക നൂറു കോ‌ടിയെങ്കിലും വരുമെന്നാണ് അറിയുന്നത്.

തൊഴിലാളികളും ദുരിതത്തിൽ

മുഴപ്പിലങ്ങാട്∙ എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ചരക്ക് നീക്കം നടത്തുന്ന ലോറി മേഖലയും അരി വിതരണ കരാറുകാരുടെ സമരം കാരണം സ്തംഭനാവസ്ഥയിലാണ്. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് മാത്രം 55 ലോറികൾ അരി വിതരണ മേഖലയിൽ ഉണ്ട്. ജനുവരി 1 മുതൽ ഓ‌ട്ടമില്ലാതെ നിർത്തിയിട്ടിരിക്കുകയാണ് ലോറികൾ. പയ്യന്നൂർ എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് ഓടുന്ന ലോറി മേഖലയുടെ സ്ഥിതിയും സമാനമാണ്.

എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ഓടുന്ന ലോറികളിൽ ഉടമകൾ തന്നെയാണ് ജീവനക്കാർ. സ്വയം തൊഴിൽ എന്ന രീതിയിൽ ലോറി വാങ്ങി ഓടിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഈ വർഷം തു‌ടങ്ങിയതു തന്നെ പണിയില്ലാത്ത അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. അരിനീക്കം നടക്കാത്തത് കാരണം എഫ്സിഐ ഗോഡൗൺ, എൻഎഫ്എസ്എ ഗോഡൗണുകൾ എന്നിവിടങ്ങളിൽ ധാന്യങ്ങൾ കയറ്റിറക്കൽ നടത്തുന്ന ചുമട്ടു തൊഴിലാളികൾക്കും ജോലിയില്ലാത്ത അവസ്ഥയാണ്.


Share our post
Continue Reading

Kannur

ബൂട്ടണിയും വേഗത്തിൽ ഒരു വീട് കൂടി ഉയർന്നെങ്കിൽ

Published

on

Share our post

കണ്ണൂർ‌: പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിൽ അഖില രാജനെന്ന പതിനേഴുകാരി സൂക്ഷിച്ചുവയ്ക്കുന്നതു മെഡലുകൾ മാത്രമല്ല, തന്റെ സ്വപ്നങ്ങൾ കൂടിയാണ്. ഇന്ത്യൻ കൗമാര വനിതാ ഫുട്ബാൾ ടീമിന്റെ പ്രതിരോധനിരയുടെ കരുത്താണ് കണ്ണൂർ സ്പോർട്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അഖില രാജൻ. ജൂലൈയിൽ ബംഗ്ലദേശിൽ നടക്കാനിരിക്കുന്ന അണ്ടർ 20 സാഫ് ഫുട്ബോളിൽ വിജയിച്ചു തിരിച്ചുവന്നാൽ, പക്ഷേ, ആ മെഡൽ സൂക്ഷിച്ചുവയ്ക്കാൻ അവൾക്കു സ്വന്തമായി ഒരിടമില്ല.

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ പ്ലാസ്റ്റിക് ഷീറ്റും തുണികളുംകൊണ്ടു കെട്ടിമറച്ച കുടിലിനുള്ളിലെ ഇത്തിരിയിടത്തിൽ എവിടെയൊക്കെയോ കുന്നുകൂടിക്കിടക്കുന്ന ഒരുപാടു മെഡലുകൾക്കും ട്രോഫികൾക്കുമിടയിൽ അതും വിസ്മൃതിയിലേക്കു തള്ളപ്പെടും. പക്ഷേ, സീനിയർ ഇന്ത്യൻ ടീമിനു വേണ്ടി ബൂട്ട് കെട്ടാൻ കാത്തിരിക്കുന്ന അഖിലയ്ക്ക് അതൊന്നും ആലോചിച്ചു സങ്കടപ്പെടാൻ സമയമില്ല. ബെംഗളൂരുവിലെ ഇന്ത്യൻ ക്യാംപിൽ പരിശീലനത്തിനിറങ്ങുമ്പോൾ അവളുടെ മനസ്സിലുള്ളതു രാജ്യത്തിന്റെ കിരീട സ്വപ്നങ്ങൾ മാത്രം.

ബൂട്ടണിഞ്ഞ വഴി

കൂലിപ്പണിക്കാരനായ രാജന്റെയും തൊഴിലുറപ്പു തൊഴിലാളിയായ അമ്പിളിയുടെ മകളായ അഖില ഈ ചെറുപ്രായത്തിനിടയിൽ നേടിയെടുത്ത അംഗീകാരങ്ങൾ ചില്ലറയല്ല. എട്ടാം ക്ലാസിലാണ് അഖില കണ്ണൂർ ജിവിഎച്ച്എസ്എസിൽ ചേരുന്നത്. വേഗം, ഹൈ ബോൾ സ്വീകരിക്കാനുള്ള പ്രത്യേക കഴിവ്, വിങ്ങുകളിലൂടെ കയറി മുന്നേറ്റ നിരക്കാർക്കു പന്തെത്തിക്കുന്ന രീതി–ഇവയൊക്കെ അഖില എന്ന ഫുൾ ബാക്കിനെ കളിക്കളത്തിൽ വേറിട്ടുനിർത്തുന്നു. പതിന ഞ്ചാം വയസ്സിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായി. പിന്നെ പതിനാറാം വയസ്സിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞു. ഇന്ത്യൻ പരിശീലക പി.വി.പ്രിയ, കേരള പരിശീലക സുബിത പൂവട്ട, കെ.എം.രാജേഷ് എന്നിവരുടെ ശിക്ഷണം കൂടിയായപ്പോൾ അഖില മികച്ച ഫുട്ബോൾ താരമായി.

കേരളത്തിന്റെ ജഴ്സിയിൽ

സബ് ജൂനിയർ തലം മുതൽ തന്നെ കേരളത്തെ പ്രതിനിധീകരിച്ചു തുടങ്ങിയ താരമാണ് അഖില. കഴിഞ്ഞ വർഷം അസമിൽ നടന്ന ഹീറോ ജൂനിയർ അണ്ടർ 17 ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 2023ൽ ലുധിയാനയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ (അണ്ടർ 19) കേരളത്തെ പ്രതിനിധീകരിച്ചു. കേരളം അന്ന് അഞ്ചാം സ്ഥാനം നേടി. കഴിഞ്ഞ വർഷം തിരുവല്ലയിൽ നടന്ന സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ കണ്ണൂർ ജില്ലയെ ചാംപ്യന്മ‍ാരാക്കിയ നായിക കൂടിയാണ് അഖില രാജൻ.

രാജ്യാന്തര മത്സരങ്ങൾ

2023ൽ ധാക്കയിൽ നടന്ന സാഫ് അണ്ടർ 17 ചാംപ്യൻഷിപ്പിലൂടെയാണ് അഖില ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. അതേ വർഷം കിർഗിസ്ഥാൻ വേദിയായ അണ്ടർ 17 എഎഫ്സി ഒന്നാം റൗണ്ട് മത്സരത്തിൽ ബൂട്ടണിഞ്ഞു. ടീം അന്ന് ക്വാർ‌ട്ടർ ഫൈനലിലെത്തി. തായ്‌ലൻഡിൽ നടന്ന രണ്ടാം റൗണ്ട് മത്സരങ്ങളിലും കളിച്ചു. ജോർദാനിലെ സൗഹൃദ മത്സരത്തിലും ഇന്ത്യൻ നിറമണിഞ്ഞു. 2023 ഫെബ്രുവരിയിൽ നടന്ന അണ്ടർ 19 സാഫ് ചാംപ്യൻ‌ഷിപ്പിൽ ഇന്ത്യ ചാംപ്യൻമാരാകുമ്പോൾ പ്രതിരോധ നിരയിൽ കരുത്ത് പകർന്ന് അഖിലയുമുണ്ടായിരുന്നു, ടീമിലെ ഏക മലയാളിയെന്ന നേട്ടത്തോടെ.

വേണം വീട്

മാതാപിതാക്കൾ ബാങ്ക് വായ്പയെടുത്ത് വീടിനു തറ കെട്ടിയിട്ടു മാസങ്ങളായി. ലൈഫ് മിഷൻ പദ്ധതി വഴി ഇപ്പോൾ ചെറിയൊരു വീടിന്റെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള കുതിപ്പുകൾക്ക് ഊർജം പകരാനും ഈ കൗമാരപ്രതിഭയെ തളരാതെ കളിക്കളത്തിൽ പിടിച്ചുനിർത്താനും സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായങ്ങൾ ഇനിയും വേണ്ടിവരും. അല്ലെങ്കിൽ, ഇന്ത്യൻ ഫുട്ബോളിലെ മലയാള നക്ഷത്രങ്ങളിലൊന്നായി ഉയരങ്ങളിൽ മിന്നിത്തിളങ്ങേണ്ട ഈ പെൺകുട്ടിയും മറ്റു പലരെയും പോലെ നിത്യജീവിതപ്രാരാബ്ധങ്ങളുടെ ഡ്രിബ്ലിങ്ങിനു മുൻപിൽ കാലിടറി കളിക്കളം വിടും.


Share our post
Continue Reading

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ശുചിമുറികൾ അടച്ചിട്ട് മാസങ്ങൾ; അറ്റകുറ്റപ്പണി പൂർത്തിയായില്ല

Published

on

Share our post

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഉയർന്ന ക്ലാസ് യാത്രക്കാർക്കായുള്ള വിശ്രമമുറിയിലെ ശുചിമുറി അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് മാസങ്ങൾ. പുലർച്ചെയും രാവിലെയുമായി കണ്ണൂരിൽ ട്രെയിൻ ഇറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാരാണ് വിശ്രമമുറിയിലെത്തി ശുചിമുറി സൗകര്യമില്ലാത്തതിനാൽ നിരാശയോടെ മടങ്ങുന്നത്.അർധരാത്രിക്കു ശേഷം ചെറിയ ഇടവേളകളിൽ ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പോകേണ്ട ഇവരിൽ പലർക്കും പുലരുമ്പോൾ മാത്രമേ നാടുകളിലേക്ക് ബസ് ലഭിക്കൂ. സുരക്ഷിതമായ കാത്തിരിപ്പിന് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികളെയാണ് ഇവർ ആശ്രയിക്കുന്നത്.ദീർഘയാത്ര കഴിഞ്ഞ് എത്തിയതിനാൽ ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യംകൂടി പ്രതീക്ഷിച്ച് വിശ്രമ മുറിയിൽ എത്തുന്നവരാണ് നിരാശപ്പെടേണ്ടിവരുന്നത്. ശുചിമുറിയിലേക്കുള്ള വഴിയിൽ സിമന്റും പൈപ്പും ടൈൽസുമെല്ലാം ചാരിവച്ച നിലയിലാണ്. മൂന്നു മാസത്തോളമായിട്ടും പണി പൂർത്തിയാക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് സ്ഥിരം യാത്രക്കാർ പങ്കുവയ്ക്കുന്നത്.

നശിപ്പിക്കരുത് ‌ശുചിമുറികൾ

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ സാനിറ്ററി പാഡുകളും ഡയപ്പറുകളും ഉൾപ്പെടെ ചില യാത്രക്കാർ തള്ളുന്നതാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നതിന്റെ കാരണമെന്ന് റെയിൽവേ. ഇത്തരം വസ്തുക്കൾ കാരണം പൈപ്പ് അടഞ്ഞാൽ തുറക്കുക എളുപ്പമല്ല. പലപ്പോഴും ടൈൽസ് ഉൾപ്പെടെ നീക്കി പൈപ്പ് മാറ്റേണ്ടി വരാറുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ശുചിമുറികൾ നശിപ്പിക്കാതെ യാത്രക്കാർ സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!