തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാൻ 4,000 കിലോയുള്ള വെങ്കല ശിവശിൽപം ഒരുങ്ങി

പയ്യന്നൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാനായി 14 അടി ഉയരവും 4000 കിലോ ഭാരവുമുള്ള വെങ്കല ശിവശിൽപം ഒരുങ്ങി. ഇന്ത്യയിൽ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവ ശിൽപമാണിതെന്ന് സംഘാടകർ അവകാശപ്പെടുന്നു. ശിൽപി ഉണ്ണി കാനായി 4 വർഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. കളിമണ്ണിൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡുണ്ടാക്കി മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആൽമരച്ചുവട്ടിലാണ് ശിൽപം സ്ഥാപിക്കുക.തൃശൂർ ആർക്കിയോളജിക്കൽ സർവേസൂപ്രണ്ട് രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ശിൽപം സ്ഥാപിക്കുന്ന സ്ഥലവും പണിപ്പുരയിലെ ശിവശിൽപവും സന്ദർശിച്ചിരുന്നു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ, മൊട്ടമ്മൽ രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ശിൽപം 2 മാസത്തിനുള്ളിൽ സ്ഥാപിക്കും. നിർമാണ സഹായികളായി സുരേഷ് അമ്മാനപ്പാറ, കെ.വിനേഷ്, ബാലൻ പാച്ചേനി, കെ.സുരേഷ്, എം.വി.ശ്രീകുമാർ എന്നിവരും ഉണ്ടായിരുന്നു. തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മൽ രാജനാണ് ശിൽപം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്.