സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Share our post

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!