ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

Share our post

പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകൾക്കു ശേഷം ബ്ലൂ ഫ്‌ളാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ വർഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ചത്.അഴീക്കോട് എം.എൽ.എ കെ. വി സുമേഷാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസി. കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ളാഗ് ലഭിക്കാൻ വഴിയൊരുക്കിയത്.

ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്‌ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽ ബീച്ചിൽ ബ്ലൂ ഫ്‌ളാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയവ നടന്നു.
ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദർ കുമാർ, എഫ്ഇഇ സിഇഒ ഡാനിയൽ ഷാഫർ, ബ്ലൂ ഫ്‌ളാഗ് ദേശീയ ജൂറി അംഗം ഡോ. അലക്‌സ് സക്‌സേന, ബ്ലൂ ഫ്‌ളാഗ് ഇന്ത്യ നാഷനൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടർ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗൺസിൽ അംഗം പ്രസാദ് മേനോൻ, ജപ്പാൻ അലയൻസ് ഓഫ് ട്രാവൽ ഏജൻറ്‌സിന്റെ മസാരു തകായാമ എന്നിവർ പങ്കെടുത്തു.
തടസ്സങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദർശിപ്പിച്ചതിന് എഫ്ഇഇ ഇന്റർനാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്‌ലാഗ് ഇന്ത്യ നാഷണൽ കോർഡിനേറ്ററും ചാൽ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങൾ, സോഷ്യൽ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികൾ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!