വനിതകളായ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം: ഏറ്റവും മികച്ച അഞ്ചു വായ്പ പദ്ധതികള്‍

Share our post

പണ്ടത്തെ കാലമൊന്നുമല്ല, വനിതകള്‍ ഇന്ന് സംരംഭകത്വ മേഖലയില്‍ സജീവമായി രംഗത്തിറങ്ങുന്ന കാലമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അത് വിജയിപ്പിക്കാനും കഴിയുന്ന വനിതാ സംരംഭകരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം സംരംഭകര്‍ക്ക് സഹായവുമായി നിരവധി വായ്പ പദ്ധതികളും സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. വനിതകളായ സംരംഭകര്‍ക്ക് മൂലധനം ലഭ്യമാക്കുക എന്നുള്ളതാണ് ഈ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

1. മുദ്ര യോജന

സംരംഭകര്‍ക്കുള്ള വായ്പ പദ്ധതിയില്‍ എപ്പോഴും മുന്നിട്ടുനില്‍ക്കുന്നത് കേന്ദ്രസര്‍ക്കാറിന്‍റെ മുദ്രാ വായ്പാ പദ്ധതി തന്നെയാണ്. ഈടില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. അതുകൊണ്ടുതന്നെ വനിതകളായ സംരംഭകര്‍ക്ക് ആദ്യം പരിഗണിക്കാവുന്ന വായ്പ പദ്ധതിയാണ് മുദ്ര

2. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ

10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പ്രോഗ്രാം. വ്യാപാരം, ഉല്‍പാദനം, സേവനരംഗം തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന വനിതകള്‍ക്ക് ഈ വായ്പാ പദ്ധതി പരിഗണിക്കാം

3. മഹിള കയര്‍ യോജന

കയര്‍ വ്യവസായ രംഗത്ത് നൈപുണ്യ വികസനം, പരിശീലനം, സംരംഭങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് മഹിളാ കയര്‍ യോജന. സംരംഭങ്ങള്‍ തുടങ്ങാനുള്ള ഉപകരണങ്ങള്‍ക്കും മറ്റു യന്ത്രങ്ങള്‍ക്കും 75% വരെ സബ്സിഡി ഇതു വഴി വരെ ലഭിക്കും. ആകെ പദ്ധതി ചെലവിന്‍റെ 25 ശതമാനം മാര്‍ജിന്‍ മണി സബ്സിഡി ആയും ലഭിക്കും.

4. ഉദ്യം ശക്തി

വനിത സംരംഭകര്‍ക്ക് വിപണികള്‍ കണ്ടെത്താനും പരിശീലന സെഷനുകള്‍, മെമ്പര്‍ഷിപ്പ്, ഇന്‍കുബേഷന്‍ സെന്‍ററുകള്‍, ബിസിനസ് പ്ലാനിങ് സഹായം എന്നിവ ലഭ്യമാക്കാന്‍ ഉള്ള കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച പദ്ധതിയാണ് ഉദ്യം ശക്തി. 10 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് ഇതുവഴി വായ്പകള്‍ ലഭിക്കും

5. മൈക്രോ ചെറുകിട സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ്

സിഡ്ബിയും കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് ഇതുവഴി ഈടില്ലാതെ വായ്പകള്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും രണ്ടു കോടി രൂപ വരെ ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!