കിലോമീറ്ററിന് 35 രൂപ കളക്ഷനുണ്ടെങ്കില്‍ ഓടിയാല്‍ മതി; കെ.എസ്.ആര്‍.ടി.സി കുത്തക റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍

Share our post

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തക റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് അനുമതി. ഒരു കിലോമീറ്ററില്‍നിന്നുള്ള വരുമാനം (ഏണിങ് പെര്‍ കിലോമീറ്റര്‍) 35 രൂപയില്‍ കുറവുള്ള സര്‍വീസുകള്‍ അയയ്‌ക്കേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിലാണ് സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം 32 സ്വകാര്യബസുകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കി.കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിന്‍ സര്‍വീസിന്റെ സ്ഥാനത്ത് ഇനിമുതല്‍ സ്വകാര്യബസുകള്‍ ഓടിക്കും. ഈ തീരദേശപാതയില്‍ ഒട്ടേറെ സ്വകാര്യബസുകള്‍ക്ക് പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യബസുകള്‍ ഹ്രസ്വദൂര സര്‍വീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യബസുകള്‍ക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്.

വര്‍ഷങ്ങളായി ചെയിനായി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയിരുന്ന ചെങ്ങന്നൂര്‍-കൊല്ലം, പുനലൂര്‍-കായംകുളം തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്ക് അനുമതിനല്‍കാന്‍ നീക്കമുണ്ട്. ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ അനുമതിക്ക് അപേക്ഷിച്ചതായാണ് വിവരം. കെ.എസ്.ആര്‍.ടി.സി. മാത്രം സര്‍വീസ് നടത്തിയിരുന്ന കുട്ടനാട്ടില്‍ ആദ്യമായി സ്വകാര്യബസിന് അനുമതി നല്‍കി. പുന്നപ്രയില്‍നിന്ന് കൈനകരിയിലേക്കുള്ള സര്‍വീസിനാണ് ആലപ്പുഴ ജില്ലാ ആര്‍.ടി.എ. ബോര്‍ഡ് യോഗം അനുമതിനല്‍കിയത്.

വിവിധ ജില്ലകളില്‍ ഗ്രാമീണമേഖലയിലെ കെ.എസ്.ആര്‍.ടി.സി. റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ നീക്കമുണ്ട്. കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍ മുടക്കുന്നതിനാല്‍, ആര്‍.ടി.എ. ബോര്‍ഡ് യോഗങ്ങളില്‍ സ്വകാര്യ പെര്‍മിറ്റിനെ എതിര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി. പ്രതിനിധികള്‍ക്ക് സാധിക്കാത്ത സ്ഥിതിയാണ്.

ലാഭകരമായി ഓടുന്ന ചെയിന്‍ സര്‍വീസുകളില്‍ പലതിന്റെയും ഉച്ചസമയങ്ങളിലെ ട്രിപ്പ് മുടക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഒരു കിലോമീറ്ററില്‍നിന്നുള്ള വരുമാനം 35 രൂപയില്‍ കുറവുള്ള ട്രിപ്പുകളാണ് മുടക്കിയത്. ഒരുദിവസത്തെ വരുമാനം കണക്കാക്കിയാല്‍ ഈ സര്‍വീസുകളില്‍ പലതും വലിയ ലാഭമായിട്ടും ചെയിന്‍ സര്‍വീസുകള്‍ മുടക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!