Connect with us

Kerala

നാളെമുതൽ കാനനപാതവഴി തീർഥാടകർക്ക് പ്രവേശനമില്ല; പമ്പയിലും സന്നിധാനത്തും ഭക്ഷണംപാകംചെയ്യാൻ അനുവാദമില്ല

Published

on

Share our post

ശബരിമല: ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു. പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്‍ എസ്. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂവില്‍ 12-ന് 60,000 പേര്‍ക്ക്, 13-ന് 50,000, 14-ന് 40,000 എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ബുക്കിങ് അനുവദിക്കുക.

മകരസംക്രമദിനത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര, 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്ന് പുറപ്പെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 15 മുതല്‍ 18 വരെ നെയ്യഭിഷേകത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ട്. 14 മുതല്‍ അഞ്ചുദിവസം കളമെഴുത്തുണ്ട്.

14 മുതല്‍ 17 വരെ പതിനെട്ടാംപടി വരരെയും 18-ന് ശരംകുത്തിയിലേക്കും എഴുന്നള്ളത്തുണ്ട്. 19-ന് മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി. 20-ന് ശബരിമല നടയടക്കും. അന്ന് പന്തളം രാജാവിന് മാത്രമേ ദര്‍ശനമുള്ളൂ.12-ന് പമ്പാസംഗമം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ജയറാം മുഖ്യാതിഥിയാകും. 14-ന് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഹരിവരാസനം പുരസ്‌കാരം, സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് തടയണം – ഹൈക്കോടതി

ശബരിമല സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കാന്‍ തീര്‍ഥാടകര്‍ പാചകവാതക സിലിന്‍ഡറുകളായി സന്നിധാനത്തേക്കു പോകുന്നത് തടയണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പാചകത്തിനായി കൊണ്ടുപോകുന്ന പാത്രങ്ങളും സിലിന്‍ഡറുകളും പോലീസ് പിടിച്ചെടുക്കണം.മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണമുണ്ടെന്നിരിക്കേ, തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ പാതയിലൂടെയുള്ള തീര്‍ഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂര്‍ണ നിരോധനം പ്രായോഗികമല്ലെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ. ജി. ബിജു അറിയിച്ചു. 12-ന് രാവിലെ 8 മുതല്‍ 15-ന് ഉച്ചയ്ക്ക് 2 വരെ പമ്പയില്‍ വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല.

എരുമേലി: ശബരിമല മണ്ഡലകാലത്തില്‍ ഇനി സൗഹൃദം തുളുമ്പുന്ന രാപകലുകള്‍. ആത്മബന്ധങ്ങളുടെ പുണ്യവുമായി വെള്ളിയാഴ്ച ചന്ദനക്കുടം ഉത്സവവും ശനിയാഴ്ച എരുമേലി പേട്ടതുള്ളലും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദനക്കുടം ആഘോഷത്തിന് മുന്നോടിയായുള്ള മതസൗഹൃദ സദസ്സ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്യും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷതവഹിക്കും.

ജമാഅത്ത് ഭാരവാഹികളും, അമ്പലപ്പുഴ, ആലങ്ങാട് പേട്ടസംഘങ്ങളും വിവിധ സമുദായപ്രതിനിധികളും പങ്കെടുക്കും. മസ്ജിദില്‍ മഗ്രിബ് നമസ്‌കാരത്തിനുശേഷം 6.15-ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ചന്ദനക്കുടം ഘോഷയാത്ര മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ളാഗോഫ് ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകള്‍ അണിനിരക്കുന്ന ചന്ദനക്കുടം ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും മാറ്റുകൂട്ടും.ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം

എരുമേലി: ശനിയാഴ്ചയാണ് പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളല്‍. സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ നയിക്കും. അമ്പാടത്ത് എ.കെ. വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോന്‍. ആദ്യം പേട്ടതുള്ളുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴക്കാരാണ്.

രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. വിവിധ ചായങ്ങള്‍ തേച്ച് രൗദ്രഭാവമാണ് അമ്പലപ്പുഴ പേട്ടതുള്ളലിന്റെ പ്രത്യേകത. ഉത്തരീയം ചുറ്റി ഭസ്മവും കളഭവും തേച്ച് ചിന്തുപാട്ടിന്റെ അകമ്പടിയില്‍ ശാന്തമായാണ് ആലങ്ങാട് പേട്ടതുള്ളല്‍.


Share our post

Breaking News

മ‍ഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

Published

on

Share our post

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


Share our post
Continue Reading

Breaking News

കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

Published

on

Share our post

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Share our post
Continue Reading

Kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Published

on

Share our post

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കെ.എസ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. 14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!