Connect with us

Kerala

വീട് വെക്കുന്നതിന് ഭൂമി തരം മാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണം, ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Published

on

Share our post

വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നഗര പരിധിയില്‍ 5 സെന്റിലും ഗ്രാമങ്ങളില്‍ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ ആവശ്യമായ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അനുവാദം നല്‍കണം. നെല്‍വയല്‍ നിയമം വരുന്നതിനു മുന്‍പ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളില്‍ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസ്ട്രിക്ട് മൈനിങ് ഫണ്ട് ഉപയോഗപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് മുഖേന ജില്ലാതലത്തില്‍ കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന നൂതന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യണം. വിവിധ നിര്‍മ്മാണ പദ്ധതികള്‍, റോഡ്, റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. സര്‍വ്വേയര്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങള്‍ ഉണ്ടാകാതെ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു.

കളക്ടറേറ്റുകളിലെ ഫയല്‍ തീര്‍പ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണം. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം. പ്രധാന മാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.ജില്ലകളില്‍ റോഡപകടങ്ങള്‍ തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പും, പോലീസും ജില്ലാ കലക്ടറും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന് നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോര്‍ജ്ജ പഞ്ചായത്താക്കണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിര്‍മിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സിയാല്‍ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും വ്യാപകമാക്കണം.

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ മത്സ്യകൃഷി നല്ല രീതിയില്‍ നടത്തിയിരുന്നു, അത് തുടരുകയും കൂടുതല്‍ വിപുലമാക്കുകയും വേണം. അന്താരാഷ്ട്ര തലത്തില്‍ സാല്‍മണ്‍ മത്സ്യകൃഷി ചെയ്യുന്ന ഏജന്‍സികളുമായി സഹകരിച്ച് ഡാമുകളില്‍ ഉള്‍പ്പെടെ വളര്‍ത്താന്‍ പദ്ധതിയുണ്ടാക്കണം. വന്യമൃഗങ്ങള്‍ ജനജീവിതത്തിനും കര്‍ഷകര്‍ക്കും വ്യാപകമായി ആപത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതില്‍ ശക്തമായ നടപടികള്‍ തന്നെ തുടര്‍ന്നും സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.നദികള്‍, ജലാസംഭരണികള്‍ മറ്റ് ജലസ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ നിറഞ്ഞ ചെളിയും പാറയും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകണം. ജില്ലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്തി നിര്‍ദ്ദേശിച്ചു.മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി ആര്‍ അനില്‍, ഡോ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post

Kerala

വനിത സി.പി.ഒ: 45 പേർക്ക് കൂടി നിയമന നിർദ്ദേശം

Published

on

Share our post

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപും പരമാവധി നിയമനം ഉറപ്പാക്കി. 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞ് പോയവരുടെ പോസ്റ്റുകളാണ് തത്സമയം പ്രയോജനപ്പെട്ടത്. പോക്സോ വിഭാഗത്തിൽ വന്ന 28 ഉം പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ജോലിനിർത്തിപ്പോയ 13, ജോയിനിങ് ചെയ്യാത്ത 4 പേർഎന്നിങ്ങനെയുള്ള ഒഴിവുകളാണ് അടിയന്തിരമായി പ്രയോജനപ്പെടുത്തിയത്. 2024 ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 337 പേരെ ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന നിർദ്ദേശം ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 വരെ റിപ്പോർട് ചെയ്ത മുഴുവൻ ഒഴിവുകളുമാണ് 15 ന് അഡ്വൈസ് ചെയ്യപ്പെട്ടിരിക്കുന്നത്.


Share our post
Continue Reading

Kerala

സൗജന്യ സ്കൂൾ യൂണിഫോം; ബി.പി.എല്ലുകാരും എസ്‌.സി-എ.സ്ടി വിഭാഗവും പുറത്ത്

Published

on

Share our post

തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽനിന്ന് രണ്ടുവർഷമായി ഏറ്റവും അർഹതയുള്ള വിഭാഗങ്ങൾ പുറത്ത്. സർക്കാർ ഹൈസ്‌കൂളുകളുടെ ഭാഗമായ എൽ.പി, യു.പി ക്ലാസുകളിലും എട്ടാം ക്ലാസിലും പഠിക്കുന്ന ബി.പി.എൽ, എസ്‌.സി-എ.സ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കുമാണ് രണ്ടുവർഷത്തെ യൂണിഫോം അലവൻസ് കിട്ടാനുള്ളത്. അതേസമയം, സർക്കാർ ഹൈസ്‌കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും തുക കിട്ടിയിട്ടുമുണ്ട്.

ബി.പി.എൽ, എസ്‌.സി-എസ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്രശിക്ഷ കേരള (എസ്എസ്‍കെ) പദ്ധതിയനുസരിച്ച് കേന്ദ്രഫണ്ടിൽനിന്നാണ്. 2024-25 വർഷം പിഎം ശ്രീ ബ്രാൻഡിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എസ്എസ്‍കെ ഫണ്ട് പൂർണമായും മുടങ്ങിക്കിടക്കുകയാണ്. 2023-24-ൽ 328 കോടി രൂപ നാലുഘട്ടമായി അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് ഗഡു മാത്രമാണ് കിട്ടിയത്. ഇത്തരത്തിൽ കേന്ദ്രഫണ്ട് കുടിശ്ശികയായതിനാലാണു യൂണിഫോം അലവൻസ് വിതരണം മുടങ്ങിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

ഗവ. ഹൈസ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകുന്നത്. സ്വതന്ത്രമായി നിൽക്കുന്ന സർക്കാർ എൽപി, യുപി സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും എയ്ഡഡ് എൽപിയിലെ കുട്ടികൾക്കും സംസ്ഥാന സർക്കാർ നേരിട്ട് കൈത്തറി യൂണിഫോമും നൽകുന്നു.

അടുത്ത അധ്യയനവർഷത്തെ യൂണിഫോമിനായി 79.01 കോടി രൂപ സംസ്ഥാനം അനുവദിച്ചിട്ടുണ്ടെങ്കിലും സൗജന്യ യൂണിഫോമിന്റെ യഥാർഥ അവകാശികൾ ഇതിലുൾപ്പെടുന്നില്ലെന്നതാണ് പ്രധാനാധ്യാപകരെയും പിടിഎെയയും പ്രതിസന്ധിയിലാക്കുന്നത്. കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങൾക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്. രണ്ടുവർഷം പിന്നിട്ടിട്ടും കടം വീട്ടാനാകാത്തതിനാൽ പ്രധാനാധ്യാപകർ സമ്മർദത്തിലാണ്. ഇതിനു പുറമേ, സ്വന്തംനിലയിൽ യൂണിഫോം വാങ്ങേണ്ടിവരുന്ന രക്ഷിതാക്കൾ പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്.

20 കോടിയോളം രൂപയാണു സ്‌കൂളുകൾക്ക് കുടിശ്ശികയായി നൽകാനുള്ളത്. എസ്എസ്‍കെ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രഫണ്ട് തടസ്സപ്പെട്ടാലും 40 ശതമാനം വരുന്ന സർക്കാർ വിഹിതം അനുവദിക്കുകയാണെങ്കിൽ സൗജന്യ യൂണിഫോമിന് യഥാർഥ അർഹതയുള്ള വിഭാഗങ്ങൾക്കും അലവൻസ് ഉറപ്പുവരുത്താനാകും. എന്നാൽ, കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സംസ്ഥാനഫണ്ടുമില്ലെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്നത്.


Share our post
Continue Reading

Kerala

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് അയ്യായിരം രൂപ പിഴ

Published

on

Share our post

കൊച്ചി: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ ചുമത്തി സംസ്ഥാന അക്ഷയ ഡയറക്ടർ. പരാതിയുടെ അടിസ്ഥാനത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജരിൽനിന്ന് റിപ്പോർട്ട് തേടിയ ശേഷമാണ് കലൂരിലെ അക്ഷയ കേന്ദ്രത്തിനെതിരേ നടപടിയെടുത്തത്. കോഴിക്കോട് ദേവഗിരിയിലെ കെ.എ. മനോജിന്റെ പരാതിയിലാണ് നടപടി.ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കലൂർ അക്ഷയകേന്ദ്രം വഴി സമർപ്പിച്ചപ്പോൾ മനോജിനോട് സർവീസ് ചാർജ് ആയി 200 രൂപയാണ് വാങ്ങിയത്. അക്ഷയകേന്ദ്രത്തിൽ സർവീസ് ചാർജ് പ്രദർശിപ്പിച്ചിരുന്ന ബോർഡിൽ ലൈസൻസ് പുതുക്കൽ സേവനത്തിന് സർവീസ് ചാർജ് 45 രൂപ എന്നാണ് ഉണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്തതോടെ അക്ഷയ സംരംഭകയും മനോജും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

പണം നൽകിയതിന്റെ രസീത് വാങ്ങി മടങ്ങിയ മനോജ്, ഇതു സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ പരാതിക്കാരനെയും അക്ഷയ സംരംഭകയെയും നേരിൽ കേട്ടിരുന്നു. സർക്കാർ ഉത്തരവ് പ്രകാരമുള്ള സേവന നിരക്കിനു പുറമേ അധിക സർവീസ് ചാർജ് ഈടാക്കിയാൽ അക്ഷയ കേന്ദ്രത്തിനെതിരേ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, കളക്ടറുടെ തീരുമാനത്തിൽ തൃപ്തനല്ലെന്നും പരാതിയിലെ വിഷയങ്ങൾ അഭിസംബോധന ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി മനോജ്, സംസ്ഥാന അക്ഷയ ഡയറക്ടർക്ക് പരാതി നൽകി. ഇതേ തുടർന്ന് അക്ഷയ ഡയറക്ടർ ഇരു കക്ഷികളെയും ഓൺലൈൻ വഴി നേരിൽ കേട്ടു. ലൈസൻസ് പുതുക്കുന്നതിന് സർവീസ് ചാർജ് ആയി 200 രൂപ വാങ്ങിയതായി അക്ഷയ സംരംഭക സ്ഥിരീകരിച്ചതായി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

ഈ സേവനത്തിന് സർവീസ് ചാർജ് ആയി 40 രൂപയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പ്രിന്റിങ്/സ്‌കാനിങ് കൂടി ഉൾപ്പെടുത്തിയാലും പരമാവധി 80 രൂപയാണ് സർവീസ് ചാർജായി ഈടാക്കാൻ കഴിയൂ എന്നും അമിതമായ തുകയാണ് മനോജിൽനിന്ന് ഈടാക്കിയതെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അയ്യായിരം രൂപ പിഴ ചുമത്തിയതിനൊപ്പം മനോജിൽ നിന്ന് അധികമായി വാങ്ങിയ 120 രൂപ മടക്കി നൽകാനും നിർദേശമുണ്ട്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടായാൽ സംരംഭകത്വം റദ്ദുചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

12 വർഷമായി പുതുക്കാതെ സേവനനിരക്ക്

അക്ഷയകേന്ദ്രങ്ങൾക്ക് സേവനത്തിന് ഈടാക്കാൻ നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ 12 വർഷം മുൻപ്‌ ഉള്ളത്. സർക്കാരിന്റെ പല നിരക്കുകളിലും ഇതിനിടെ വർധന വന്നെങ്കിലും അക്ഷയയുടെ സേവന നിരക്കിൽ മാത്രം മാറ്റമുണ്ടായില്ല. അക്ഷയ സംരംഭകരുടെ സംഘടനകൾ സമരമടക്കമുള്ള നടപടികളിലേക്ക് കടന്നപ്പോൾ സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും മൂന്നു തവണയായി മാറ്റിവയ്ക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അക്ഷയ സംഘടനകൾ ഹൈക്കോടതിയിൽ ഉൾപ്പെടെ കേസ് നൽകിയിട്ടുമുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!