പെരിയ ഇരട്ടക്കൊലക്കേസ്: നാലു പ്രതികൾ ജയിൽ മോചിതരമായി

പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽ നിന്ന് മോചിതരമായി. മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു. കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലിൽനിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്‌ച മരവിപ്പിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ ഏരിയ മുൻ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് മുൻ സെക്രട്ടറി കെ.വി. ഭാസ്ക്കരൻ എന്നിവരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചതാണ് ഹൈക്കോടതി മരവിപ്പിച്ചത്. രേഖകൾ ജയിലിലെത്താത്ത സാഹചര്യത്തിൽ ബുധനാഴ്ച ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.