പതിനൊന്ന് മാസങ്ങൾക്ക് ശേഷം ബൈപ്പാസ് സർജറി പുനരാരംഭിച്ചു

പരിയാരം: പതിനൊന്ന് മാസങ്ങളായി അടച്ചിട്ട കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കാർഡിയോ തെറാസിക് സർജറി ഓപ്പറേഷൻ തിയേറ്റർ തുറന്നു. 2023 ഫെബ്രുവരിയിലാണ് ബൈപ്പാസ് സർജറി നിർത്തിവെച്ച് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ ദുരിതം സൃഷ്ടിച്ചിരുന്നു.അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ആധുനികീകരിച്ച മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും പ്രശസ്ത കാർഡിയോ തൊറാസിക് സർജനുമായ ഡോ. പ്രജീഷിന്റെ നേതൃത്വത്തിൽ പയ്യന്നൂർ സ്വദേശിയായ അറുപത്തിമൂന്നുകാരനാണ് ആദ്യ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായത്. രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. നൂറു കണക്കിനാളുകളാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്.നേരത്തെ പരിഹാരം തേടുന്ന പരിയാരം എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയിലും ബൈപ്പാസ് സർജറി മുടക്കിയത് പരാമർശിച്ചിരുന്നു. അന്ന് പുതുതായി ചുമതലയേറ്റ കാർഡിയോളജി വിഭാഗം മേധാവി ഡോ.ജയറാം പരമാവധി പെട്ടെന്ന് ബൈപ്പാസ് സർജറി പുനരാരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.