ആകാശത്ത് ഇനി പ്ലാനറ്ററി പരേഡ്

Share our post

ജനുവരി 21 മുതല്‍ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാന്‍ സാധിക്കും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ‘ എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാന്‍ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം.സൂര്യാസ്തമയത്തിന് ശേഷം ചൊവ്വയെ കിഴക്കന്‍ ചക്രവാളത്തില്‍ കാണാം. വ്യാഴത്തെ അതിന് അല്പം മുകളിലായി കാണാം. വ്യാഴത്തിന് അടുത്ത് തെക്കു പടിഞ്ഞാറായാണ് യുറാനസിനെ ദൃശ്യമാവുക. നെപ്ട്യൂണ്‍, ശുക്രന്‍, ശനി എന്നിവ പടിഞ്ഞാറുണ്ടാകും. മറ്റുള്ളവയെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകുമെങ്കിലും യുറാനസിനെയും നെപ്ട്യൂണിനെയും കാണണമെങ്കില്‍ ടെലിസ്‌കോപ്പിന്റെ സഹായം വേണം.ഇന്ത്യയടക്കം ലോകത്തിന്റെ ഏറെക്കുറേ എല്ലാ ഭാഗങ്ങളിലും ഈ കാഴ്ച ജനുവരി 21ന് കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിന് മുമ്പും ചിലയിടങ്ങളില്‍ ഈ കാഴ്ച ദൃശ്യമാകാന്‍ സാധിക്കും. ഏകദേശം നാല് ആഴ്ച പ്രതിഭാസം നീണ്ടു നില്‍ക്കും. സൂര്യനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ സൂര്യന്റെ ഒരേ വശത്ത് വരുമ്പോഴാണ് ഗ്രഹങ്ങളെ അണിനിരന്ന പോലെ ആകാശത്ത് കാണാന്‍ സാധിക്കുക.

എന്താണ് പ്ലാനറ്ററി പരേഡ്?

യഥാര്‍ഥത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്ന പ്രതിഭാസമാണിത്. ഈ വിന്യാസമാണ് പ്ലാനറ്ററി പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള വിന്യാസം സാധാരണ സംഭവങ്ങളാണ്. ചെറിയ ഗ്രൂപ്പുകള്‍ വര്‍ഷത്തില്‍ ഒട്ടേറെ തവണ ഇത്തരത്തില്‍ വിന്യസിക്കാറുണ്ട്. എന്നാല്‍ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് വളരെ അപൂര്‍വമാണ്. ആഴ്ചകളോളം മാനത്ത് കാണാന്‍ സാധിക്കുന്നതിനാല്‍ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. കുറഞ്ഞത് ഫെബ്രുവരി അവസാനം വരെ ഈ മനോഹര കാഴ്ച കാണാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!