കെ.എസ്.ആര്‍.ടി.സിയും നിരക്ക് കൂട്ടി; ബാംഗ്ലൂര്‍ യാത്ര പോക്കറ്റ് കീറും

കര്‍ണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെ കെ.എസ്.ആര്‍.ടി.സി. വര്‍ധിപ്പിക്കും. ഉടന്‍തന്നെ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യും നിരക്ക് കൂട്ടുന്നത്. ഇതോടെ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലേക്കുള്ള യാത്രയ്ക്ക് ചെലവേറും.കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അവരുടെ ബസുകളില്‍ 14 മുതല്‍ 16.5 ശതമാനംവരെയാണ് നിരക്കു വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളിലാണ് 14 ശതമാനം വര്‍ധന. രാജഹംസ, ഐരാവത്, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, കൊറോണ സ്ലീപ്പറുകള്‍, ഫ്‌ലൈബസ്, അംബാരി, നോണ്‍ എ.സി. സ്ലീപ്പര്‍ തുടങ്ങിയ അന്തസ്സംസ്ഥാന ആഡംബര സര്‍വീസുകള്‍ക്ക്, ബസിന്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനംവരെ വര്‍ധന. ഐ.ടി.മേഖലയിലെ ജീവനക്കാരും ബെംഗളൂരുവിലും മംഗളൂരുവിലും ഉള്ള നൂറുകണക്കിന് വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന ഇത്തരം അന്തസ്സംസ്ഥാന ബസുകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.കര്‍ണാടകത്തിലെ നിരക്കുവര്‍ധന കേരളത്തിന് ബാധകമല്ലെങ്കിലും അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് ബാധകമാണ്. നിരക്കുവര്‍ധനയുടെ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമ്മില്‍ ധാരണയുണ്ട്. ഇതനുസരിച്ച് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യും ഈടാക്കണം. എന്നാല്‍ കേരളത്തിനകത്ത് കെ.എസ്.ആര്‍.ടി.സി.യുടെ മറ്റ് സര്‍വീസുകള്‍ക്ക് ഈ നിരക്കുവര്‍ധന ബാധകമല്ല.