പേരാവൂരിൽ വന്യമൃഗശല്യം രൂക്ഷം

Share our post

പേരാവൂർ:മലയോരപ്രദേശമായ പേരാവൂരിലെ ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ആറളം, കൊട്ടിയൂർ, കണ്ണവം വനത്തോട് ചേർന്നുനിൽക്കുന്ന പ്രദേശവും കടന്ന് കിലോമീറ്റർ ദൂരത്തെ ജനവാസ പ്രദേശത്തുപോലും ആന, കടുവ, പുലി, പന്നി, കാട്ടുപോത്ത്, മുള്ളൻപന്നി തുടങ്ങിയവയെത്തി മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുകയാണ്‌. ആറളം ഫാമിലും ഫാമിനകത്തെ ഗോത്രവർഗ പുനരധിവാസമേഖലയിലും കൃഷിനശിച്ചു കാടുകയറിയതോടെ ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള ആന, കടുവ, പുലി ഉൾപ്പെടെയാണ് ഇവിടെ തമ്പടിച്ചത്. കഴിഞ്ഞ ദിവസമാണ് കാടതിർത്തിയിൽനിന്ന്‌ 15 കിലോമീറ്ററകലെ കാക്കയങ്ങാട് ടൗണിൽ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. വർഷങ്ങളായി കാടിറങ്ങി നാട്ടിലെ കൃഷിയിടങ്ങളിൽ തമ്പടിച്ച കാട്ടുപന്നിക്കൂട്ടങ്ങൾ പെറ്റുപെരുകിയതോടെ കർഷകർക്ക് ദുരിതമായി. ഇവയെ ഭക്ഷണമാക്കാനാണ് പുലി ഉൾപ്പെടെ ഇത്രയും ദൂരം എത്തിയത് എന്നാണ് കരുതുന്നത്. മുമ്പ് അപൂർവമായി എത്തിയിരുന്ന കാട്ടാനയും കാട്ടുപോത്തും നാട്ടിൽതന്നെ സജീവമാണ്. ബാവലിപ്പുഴക്ക് അരികിൽ കാട്ടാനക്കൂട്ടം സ്ഥിരമായുണ്ട്. കോളയാട്, നിടുംപൊയിൽ ടൗണിൽ ഉൾപ്പെടെ കാട്ടുപോത്തിൻകൂട്ടം ദിവസേനയെന്നോണം എത്തിത്തുടങ്ങിയിട്ടുണ്ട്.

പെരുവയിൽ കാട്ടുപോത്തുകൾ കുട്ടികളുമായി മേയുന്നത് സ്ഥിരംകാഴ്ചയാണ്. കഴിഞ്ഞ വർഷമാണ് കൊട്ടിയൂരിലെ കൃഷിയിടത്തിൽ കെണിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. കേളകം അടക്കാത്തോട്ടിൽ ഇറങ്ങിയ കടുവ ആഴ്ചകളോളം ജനങ്ങളിൽ ഭീതിപരത്തി. വീടിന് പുറത്തിറങ്ങാൻപോലും അന്ന് കഴിഞ്ഞിരുന്നില്ല. വനം വകുപ്പ് ദിവസങ്ങളുടെ പരിശ്രമത്തിലാണ് കടുവയെ പിടികൂടിയത്. വന്യജീവികളുടെ വർധനയും മാംസാഹാരികളായ കടുവക്കും പുലിക്കുമെല്ലാം ഭക്ഷണം കിട്ടാതെയാകുമ്പോഴുമാണ്‌ ഇവ നാട്ടിലിറങ്ങുന്നത്. കാക്കയങ്ങാടുനിന്ന്‌ പിടികൂടിയ പുലി കെണിയിൽ വീണില്ലായിരുന്നുവെങ്കിൽ നാട്ടിലെത്തിയെന്നുപോലും ജനങ്ങൾ അറിയാതെപോയേനെ. പശ്ചിമഘട്ടത്തോട് ചേർന്നുകിടക്കുന്ന കിഴക്കൻമലയോരത്ത് വനം അതിരിടുന്നയിടത്ത് ഇടമുറിയാതെ വൈദ്യുതിവേലിയോ, മതിലോ സ്ഥാപിക്കുക എന്നതാണ് പരിഹാരം. നാട്ടിലിറങ്ങിയ കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയില്ലെങ്കിൽ കാർഷിക വിളകളുടെ നാശവും വിദൂരമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!