പെരിയ ഇരട്ടക്കൊല കേസ്; കെ.വി കുഞ്ഞിരാമൻ അടക്കം നാല് സി.പി.എം നേതാക്കൾക്കും ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സി.പി.എം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കം നാല് സി.പി.എം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.വിശദമായ ഉത്തരവ് പിന്നീട് എന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് വർഷം വീതം തടവുശിക്ഷ ലഭിച്ച നാല് സി.പി.എം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവർഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലാണ് പരിഗണനയ്ക്ക് വന്നത്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുൻ എം.എൽ.എയുമായ കെവി കുഞ്ഞിരാമൻ, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ, രാഘവൻ വെളുത്തേരി, എംകെ ഭാസ്‌കരൻ എന്നിവർ നൽകിയ അപ്പീലുകൾ നൽകിയത്.പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചത്. അഞ്ച് വർഷം തടവ് ഒരു പ്രശ്‌നമല്ലെന്നായിരുന്നു പെരിയ കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ വിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നത്. പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവുമാണ് വിധിച്ചിരുന്നത്.