എം.വി.ഡി. ഓഫീസില്‍ സന്ദര്‍ശക നിയന്ത്രണം,ഓണ്‍ലൈന്‍ സ്ഥിരം പണിമുടക്ക്;കുടുങ്ങിയത് അപേക്ഷകര്‍

മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശക വിലക്കിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്‌വെയര്‍ തകരാറിലായത് അപേക്ഷകരെ വലയ്ക്കുന്നു. ജനുവരി ഒന്നുമുതലാണ് സന്ദര്‍ശക സമയം രാവിലെ 10.15 മുതല്‍ ഉച്ചയ്ക്ക് 1.15 വരെയായി നിയന്ത്രിച്ചത്. ഇതിന് പിന്നാലെ സാരഥി സോഫ്റ്റ്‌വെയറും തകരാറിലായി. ഇടയ്ക്കിടെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വെബ്സൈറ്റിന്റെ തകരാറാണെന്ന് വ്യക്തമാണെങ്കിലും ഇന്റര്‍നെറ്റ് സേവനദാതാവിനെ മാറ്റാനുള്ള നിര്‍ദേശമാണ് മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ നിന്നും നല്‍കുന്നത്. എന്നാല്‍ അതുകൊണ്ടും ഫലമുണ്ടാകുന്നില്ല.രണ്ടാഴ്ചമുമ്പ് സാരഥി സോഫ്റ്റ്‌വെയര്‍ ഇതേ രീതിയില്‍ പണിമുടക്കിയിരുന്നു. ഏറെ പരാതികള്‍ക്ക് ശേഷമാണ് പരിഹരിച്ചത്. നിരവധി അപേക്ഷകള്‍ അപൂര്‍ണമായി സമര്‍പ്പിക്കപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥ സഹായമില്ലാതെ ഈ അപേക്ഷകള്‍ പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.സന്ദര്‍ശകത്തിരക്ക് ഫയല്‍ നീക്കത്തിന് തടസ്സമാകുന്നുവെന്ന് പറഞ്ഞാണ് ഉച്ചയ്ക്കുശേഷം വിലക്കേര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ ഉപഭോക്തൃ സൗഹൃദമല്ലാത്തതും ഇടയ്ക്കിടെ തകരാര്‍ വരുന്നതുമാണ് ഓഫീസുകളില്‍ സന്ദര്‍ശകരുടെ എണ്ണം കൂട്ടിയത്. മോട്ടോര്‍വാഹന വകുപ്പിന്റെ വീഴ്ചകാരണം വീണ്ടും ഓഫീസുകളില്‍ തിരക്കുണ്ടാകാനിടയുണ്ട്.