ശരീര സൗന്ദര്യ മത്സരം:സ്വർണ നേട്ടവുമായി ‘അതിഥി’താരം

കൂത്തുപറമ്പ്:ശരീര സൗന്ദര്യ മത്സരരംഗത്ത് പുത്തൻ താരോദയമായി അതിഥിത്തൊഴിലാളി. ബിഹാറിലെ കഗാരിയ സ്വദേശി പത്തൊമ്പതുകാരൻ അർബാസ് ഖാനാണ് ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമീകരണവും ശീലിച്ച് മികച്ച ബോഡി ബിൽഡറായി നേട്ടം കൊയ്യുന്നത്. നിർമലഗിരിയിയിൽ വെൽഡിങ് തൊഴിലാളിയായ അർബാസ്ഖാൻ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ തലശേരിയിൽ സംഘടിപ്പിച്ച ശരീരസൗന്ദര്യ മത്സരത്തിൽ 55 കി ലോഗ്രാം ജൂനിയർ കാറ്റഗറിയിലാണ് സ്വർണം നേടിയത്. മൂന്നുവർഷം മുമ്പ് ജോലി തേടി കേരളത്തിലെത്തിയ യുവാവിന് മെൻസ് ഫിസിക് മുൻ ലോക ചാമ്പ്യൻ ഷിനു ചൊവ്വയെ പരിചയപ്പെട്ടതോടെയാണ് ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായത്. രണ്ടുവർഷമായി നിർമലഗിരി ഡ്രീം ഫിറ്റ് ജിമ്മിൽ ഷിനുവിന്റെ കീഴിൽ പരിശീലനം നടത്തുന്നു. കഴിഞ്ഞ വർഷം ജില്ലാ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്നു.