2017 മുതലുള്ള ജി.എസ്.ടി-യും ഇരട്ടിപ്പിഴയും പലിശയും കൂട്ടുപലിശയും അടയ്ക്കണം; കുരുക്കിലായി സഹകരണ സംഘങ്ങള്‍

ഹരിപ്പാട്: സഹകരണവകുപ്പിന്റെ വീഴ്ചമൂലം കേരളത്തിലെ സഹകരണസംഘങ്ങള്‍ ചരക്കുസേവന നികുതി (ജി.എസ്.ടി.) കുരുക്കില്‍. ഇടപാടുകാരില്‍നിന്ന് യഥാസമയം ജി.എസ്.ടി. പിരിച്ചുനല്കാത്തതിനാല് പിഴയും പലിശയും ഇനത്തില്‍ കോടികളുടെ ബാധ്യതയാണ് സംഘങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടി. വകുപ്പ് സംഘങ്ങള്‍ക്ക് നോട്ടീസ് നല്കിവരുകയാണ്. സംഘങ്ങളുടെ സേവനങ്ങള്‍ക്ക് 2017 മുതലുള്ള ജി.എസ്.ടി.യും ഇത് അടയ്ക്കാത്തതിനാല്‍ ഇരട്ടി പിഴയ്ക്കു പുറമേ പലിശയും കൂട്ടുപലിശയും ചേര്‍ത്തടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങള്‍ക്കുപോലും വിശദമായ ഉത്തരവിറക്കാറുള്ള സഹകരണവകുപ്പ് ഇതുവരെയും ജി.എസ്.ടി. അടയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്ത് അത്യപൂര്‍വം സംഘങ്ങള്‍ മാത്രമാണ് ഇടപാടുകാരില്‍നിന്നു ജി.എസ്.ടി. ഈടാക്കി അടച്ചുവരുന്നത്. സംഘങ്ങള്‍ക്ക് ജി.എസ്.ടി. അടയ്ക്കുന്നതില്‍ ഇളവുണ്ടെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതുവിശ്വസിച്ചവരും ജി.എസ്.ടി. നിയമങ്ങളെപ്പറ്റി അറിവില്ലാത്തവരുമുണ്ട്.
വായ്പയ്ക്കുള്ള അപേക്ഷാഫീസ്, സര്‍വീസ് ചാര്‍ജ് എന്നിവയ്ക്കും പ്രതിമാസ നിക്ഷേപപദ്ധതിത്തുക തിരികെ നല്കുമ്പോഴും സംഘങ്ങളുടെ എല്ലാ സേവനങ്ങള്‍ക്കും 18 ശതമാനം ജി.എസ്.ടി. അടയ്ക്കേണ്ടതാണ്. വിവിധ നിക്ഷേപ പദ്ധതികളുടെ കമ്മിഷനും ഇതുബാധകമാണ്.
2017 ജൂലായ് ഒന്നിനാണ് ജി.എസ്.ടി. തുടങ്ങുന്നത്. അന്നുമുതലുള്ള ഇടപാടുകളുടെ നികുതി കണക്കാക്കുമ്പോള്‍ ചെറിയ സംഘങ്ങള്‍ക്കുപോലും കോടികളുടെ ബാധ്യതയുണ്ടാകും. പഴയ ഇടപാടുകാരെ കണ്ടെത്തി നികുതി പിരിച്ചെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. സംഘവുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചവരില്നിന്നു പണം ഈടാക്കാനും കഴിയില്ല. ഇതെല്ലാം സംഘങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. പലിശയുള്‍പ്പെടെയുള്ള പ്രതിവര്‍ഷവരുമാനം 20 ലക്ഷം കവിഞ്ഞാല്‍ സംഘങ്ങള്‍ ജി.എസ്.ടി. പരിധിയില്‍ വരും.ചുരുക്കം സംഘങ്ങള്മാത്രമാണ് ഈ പരിധിയില്‍ ഉള്‍പ്പെടാത്തത്. രണ്ടുവര്‍ഷമായി ജി.എസ്.ടി. വകുപ്പ് സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നുണ്ട്. വലിയതോതില്‍ ഇടപാടുകള്‍ നടത്തിവരുന്ന സംഘങ്ങള്‍ക്കാണ് ആദ്യം നോട്ടീസ് കൊടുത്തത്. അപ്പോഴും താഴെത്തട്ടിലുള്ള സംഘങ്ങള്‍ക്ക് ജി.എസ്.ടി. വേണ്ടിവരുമെന്ന് അറിയില്ലായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് ജി.എസ്.ടി. പങ്കിടുന്നത്. പ്രശ്നം കേന്ദ്രത്തിന്റെയും ജി.എസ്.ടി. കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തി ഇളവിനു ശ്രമിക്കുകയാണ് ഇനിയുള്ള മാര്‍ഗം.