വളപട്ടണം പാലം-പാപ്പിനിശേരി റോഡ് കുരുക്കഴിഞ്ഞു

പാപ്പിനിശേരി:വെള്ളിയാഴ്ച രാവിലെമുതൽ വളപട്ടണം പാലം-–- പാപ്പിനിശേരി റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് വിജയം. കാലങ്ങളായി പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശേരി, പഴയങ്ങാടി റോഡ് ജങ്‌ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാനാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. ഇതോടെ ദേശീയ പാതയിലും പഴയങ്ങാടി റോഡ് ജങ്‌ഷനിലുമുൾപ്പെടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോയി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് ഗതാഗത പരിഷ്‌കരണം. കണ്ണൂർ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണംപാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് കടന്നുപോയി. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്കുള്ള വാഹനങ്ങൾക്ക് കെഎസ്ടിപി റോഡുവഴി തന്നെ സർവീസ് നടത്തി. തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലൂടെ നേരെ വൺവേയായി കണ്ണൂരിലേക്ക് പോയി. തളിപ്പറമ്പിൽനിന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴിയും കടന്നു. പഴയങ്ങാടി ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോകാനും കോട്ടൻസ് റോഡ് വഴി ചുങ്കത്തുനിന്ന് ദേശീയപാതയിലേക്ക് കയറിയതോടെ എല്ലാ റോഡിലും വാഹനങ്ങൾ സുഗമമായി കടന്നു പോയി. ഗതാഗതക്രമീകരണം വിലയിരുത്താൻ രാവിലെ ഏഴോടെ കെ വി സുമേഷ് എംഎൽഎ സ്ഥലത്തെത്തി. ആർടിഒ എം ഉണ്ണികൃഷ്ണൻ. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി പി സുമേഷ്, എസ്ഐ ഉണ്ണികൃഷ്ണൻ, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ എന്നിവരും എത്തി.