ബി.ജെ.പി വേങ്ങാട് ഏരിയ പ്രസിഡന്റ് സനോജ് നെല്ലിയാടനെതിരെ അക്രമം

കൂത്തുപറമ്പ് : ബി.ജെ.പി വേങ്ങാട് ഏരിയ പ്രസിഡന്റ് സനോജ് നെല്ലിയാടനെതിരെ അക്രമം. വെള്ളിയാഴ്ച രാത്രി
വേങ്ങാട് തെരുവിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോകുന്ന സനോജിനെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ സനോജിനെ റോഡിലിട്ടു ചവിട്ടുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തതായി പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സനോജ് പറഞ്ഞു.തന്റെ വീടിനടുത്തുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ച പുതുവത്സര പരിപാടിയിൽ മകനെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ബാലസംഘത്തിന്റെ ചുമതലയുള്ള പ്രവർത്തകൻ വീട്ടിൽ വരുകയും മകനെ പുതുവത്സര പരിപാടിയിൽ അയക്കാൻ താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വന്നയാൾ താനുമായി വഴക്കിടുകയും പിന്നീട് കുറച്ചുപേർ സംഘടിച്ചെത്തി തന്നെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. സംഭവം അന്ന് രാത്രി തന്നെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി അക്രമമുണ്ടായത്. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് സനോജ് പറഞ്ഞു.