ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്

മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. 65 പരിശോധനകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബര്‍ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി ബേബി പറഞ്ഞു.ലഹരി വസ്തുകള്‍ക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാല്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയില്‍ 16 പരിശോധനകള്‍ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലില്‍ നടത്തിയ 33 പരിശോധനകളിലായി 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴയീടാക്കി.26 ഹോട്ടലുകളും 28 ലേബര്‍ ക്യാമ്പുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. പിടിച്ചെടുത്ത ഉല്പനങ്ങള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം നശിപ്പിച്ചു.