കേരളം പരിചരിക്കുന്നത് രണ്ടരലക്ഷം കിടപ്പുരോഗികളെ;സേവന ഗുണനിലവാരം കൂട്ടാന്‍ നിര്‍ദേശം

ആലപ്പുഴ:സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതലും സര്‍ക്കാര്‍ സംവിധാനത്തില്‍- 1,373 എണ്ണം.ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സേവനത്തിന്റെ ഗുണനിലവാരം കൂട്ടാനുള്ള നടപടി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ നടപടി തുടങ്ങി.തദ്ദേശതലത്തില്‍ സാന്ത്വനപരിചരണ വിഭാഗങ്ങളെ ഏകോപിപ്പിക്കുക, മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കാന്‍സര്‍ സെന്ററുകളിലും സാന്ത്വനപരിചരണം തുടങ്ങുക, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുക, രോഗികളെ തൊഴില്‍പരമായി പുനരധിവസിപ്പിക്കുക എന്നിവയ്ക്കു പ്രാമുഖ്യം നല്‍കും.
വീടുകളില്‍ ഡോക്ടറുടെ സേവനവും നഴ്‌സിങ് പരിചരണവും നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്ക് മാനസിക, സാമൂഹിക പിന്തുണയേകുന്ന സംഘടനകള്‍ക്കും സംസ്ഥാനതലത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നുണ്ട്. സംഘടനകളിലുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് വിവിധതലത്തില്‍ പരിശീലനം നല്‍കാന്‍ തുടങ്ങി.കിടപ്പുരോഗി മരിച്ചതിനുശേഷവും വീടുകളില്‍ ആശ പ്രവര്‍ത്തകരെത്തും. ഈ കുടുംബത്തിന്റെ വിവരം സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി സഹായം നല്‍കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് നയം നടപ്പാക്കിയതു കേരളമാണ്, 2008-ല്‍. 2019-ല്‍ നയം പുതുക്കി.