ഒരു നേരം പോലും നല്ല ഭക്ഷണമില്ല, പോക്സോ അതിജീവിതർ പട്ടിണിയിലാണ്; സംരക്ഷകരും

തൃശ്ശൂർ: ‘‘ആഴ്ചയിൽ അഞ്ചുദിവസം ഇറച്ചിയും മീനും മുട്ടയുമൊക്കെ കിട്ടിയിരുന്ന ഞങ്ങളിന്ന് മുഴുപ്പട്ടിണിയിലാണ്. വയറുനിറച്ച് ചോറു കിട്ടിയാൽ മതിയായിരുന്നു. താമസയിടത്തിലെ പറമ്പിലെ ചേനയും വാഴക്കുലയും കിഴങ്ങുകളും തിന്നാണ് വിശപ്പടക്കുന്നത്. വീടുകളിലേക്ക് പോകാനാകാത്ത ഞങ്ങളെ ഇങ്ങനെ അവഗണിക്കരുതേ’’ -പോക്സോ കേസിലെ അതിജീവിതകളായി സർക്കാർ നിയന്ത്രിത അഭയകേന്ദ്രങ്ങളിൽ കഴിയുന്ന പെൺകുട്ടികളുടെ അപേക്ഷയാണിത്.കേരള സർക്കാരിന്റെ നിർഭയ പദ്ധതി പ്രകാരം വനിത-ശിശുക്ഷേമവകുപ്പ് പുനരധിവസിപ്പിച്ച 2500-ലേറെ പെൺകുട്ടികളാണ് നാലുമാസമായി ഭക്ഷണത്തിനും പഠനത്തിനും മരുന്നിനുമുള്ള അലവൻസ് കിട്ടാതെ ബുദ്ധിമുട്ടുന്നത്. മാസം 2500 രൂപയാണ് ഇവർക്ക് കിട്ടിയിരുന്നത്. സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി കാരണം തുക മുടങ്ങി. അഭയകേന്ദ്രങ്ങളിലെ നാനൂറോളം ജീവനക്കാർക്കും നാലുമാസമായി ശമ്പളവും നൽകിയിട്ടില്ല.
സംസ്ഥാനത്തെ 13 ജില്ലകളിൽ അഭയ കേന്ദ്രങ്ങളുണ്ട്.
ഇവിടങ്ങളിൽ ശരാശരി 200 പേർ വീതമാണുള്ളത്. 18-ൽ താഴെ പ്രായമുള്ളവരെയാണ് ഇവിടെ സംരക്ഷിക്കുന്നത്. മാനസികാരോഗ്യ പ്രശ്നമുള്ള അതിജീവിതകൾക്ക് മെന്റൽ ഹെൽത്ത് കേന്ദ്രങ്ങളുമുണ്ട്. ഇവിടെ കൃത്യമായ ചികിത്സയും മുടങ്ങാതെ മരുന്നും നൽകണം. അലവൻസ് നിലച്ചതോടെ ചികിത്സയും മരുന്നും മുടങ്ങി. പാലും പത്രവും പഠനവും ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇതെല്ലാം മുടങ്ങിയിരിക്കുകയാണ്.സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വനിത-ശിശുക്ഷേമവകുപ്പ് അഭയകേന്ദ്രങ്ങൾ നടത്തുന്നത്. ചെലവിനുള്ള തുക സന്നദ്ധ സംഘടനകൾ അനുവദിക്കുകയും പിന്നീട് സർക്കാർ പണം അനുവദിക്കുമ്പോൾ തിരികെ നൽകുകയുമാണ് രീതി.ഒന്നോ രണ്ടോ മാസങ്ങൾക്കാവശ്യമായ പണമാണ് സന്നദ്ധ സംഘടനകൾ നൽകുക. നാലുമാസമായി സർക്കാർ പണം അനുവദിക്കാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.സമയവും പ്രായവും നോക്കാതെ ആവശ്യപ്പെടുമ്പോഴൊക്കെ ഭക്ഷണം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്ന അഭയകേന്ദ്രങ്ങളാണ് ഇപ്പോൾ ഒരു നേരം പോലും നല്ല ഭക്ഷണം നൽകാനാകാത്ത സ്ഥിതിയിലെത്തിയത്. ഫണ്ട് അനുവദിക്കാൻ നടപടി ആയതായാണ് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നത്.