നാലുവർഷബിരുദം: സർവകലാശാലകളെല്ലാം പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സർക്കാർ നിശ്ചയിച്ച സമയക്രമത്തിനുമുൻപേ എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദഫലം പ്രഖ്യാപിച്ചത് ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന്റെ നേട്ടമാണെന്ന് മന്ത്രി ആർ. ബിന്ദു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം അവസാനിച്ചു.അദ്‌ഭുതകരമായ വേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകൾ ഒന്നാംസെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. പരീക്ഷകളും ഫലങ്ങളും അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള സർക്കാരിന്റെ നിർദേശങ്ങളെ ഉൾക്കൊണ്ട സർവകലാശാലാസമൂഹത്തെ മന്ത്രി അഭിനന്ദിച്ചു.ചരിത്രത്തിൽ ആദ്യമായാണ് എല്ലാ സർവകലാശാലകളും ഏകീകൃതസ്വഭാവത്തോടെയും അതിവേഗവും ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. നാലുവർഷബിരുദത്തിന്റെ ഭാഗമായി സർവകലാശാലകൾക്ക് പൊതു അക്കാദമിക കലണ്ടറും നൽകിയിരുന്നു. പരീക്ഷ പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാനായിരുന്നു കലണ്ടറിലെ നിർദേശം.
അതനുസരിച്ച്, ഒന്നാം സെമസ്റ്റർ പരീക്ഷ ഡിസംബർ ആദ്യം പൂർത്തിയായി. കാലിക്കറ്റിൽ ഡിസംബർ അഞ്ചിനുള്ളിൽ പരീക്ഷ പൂർത്തീകരിച്ച് 25 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിച്ചു. പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ 24,000 വിദ്യാർഥികൾ പരീക്ഷയെഴുതിയ കേരളയും ഫലം പ്രസിദ്ധീകരിച്ചു. എം.ജി.യിൽ 17,000 വിദ്യാർഥികൾ പരീക്ഷയെഴുതി. അഞ്ചു ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം വന്നു.കണ്ണൂർ സർവകലാശാല 12 ദിവസത്തിനുള്ളിലും ഫലം പുറത്തുവിട്ടു. വിവാദവും പ്രതിഷേധവും ഉയർന്നെങ്കിലും കണ്ണൂർ സർവകലാശാലയിൽ പരീക്ഷാനടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമായി കെ-റീപ്പും പരീക്ഷിക്കപ്പെട്ടു.പരിഷ്‌കാരങ്ങളുടെ നേട്ടമെന്ന് മന്ത്രി പൊതു അക്കാദമിക കലണ്ടർ അനുസരിച്ച് ഇതാദ്യം.