‘വാട്‌സ്ആപ്പ് കേശവൻ മാമന്മാരുടെ പണികൾ ഇനി നടക്കില്ല’; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തിൽ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.