പ്രതിമാസം 40,000 രൂപ വരെ സ്റ്റൈപ്പെന്‍ഡ്; വനിതകൾക്ക് വൈസ്-കിരൺ ഇന്റേൺഷിപ്പ്

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ വിമണ്‍ ഇന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ഡബ്ല്യു.ഐ.എസ്.ഇ.) നോളജ് ഇന്‍വോള്‍വ്മെന്റ് ഇന്‍ റിസര്‍ച്ച് അഡ്വാന്‍സ്മെന്റ് ത്രൂ നര്‍ച്ചറിങ് (കെ.ഐ.ആര്.ഐ.എന്‍.)വൈസ് കിരണ്‍ഡിവിഷന്‍; ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് (ഐ.പി.ആര്.) ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. വകുപ്പിന്റെ പഴയ വിമണ്‍ സയന്റിസ്റ്റ് സി പദ്ധതിയുടെ പുതിയ രൂപമാണ് വൈസ് ഇന്റേണ്‍ഷിപ്പ്.യോഗ്യത: സയന്‍സ്/എന്‍ജിനിയറിങ്/മെഡിസിന്/അനുബന്ധമേഖലകളില്‍ നിശ്ചിതയോഗ്യത വേണം. അനുവദനീയമായ യോഗ്യതകളില്‍, ബേസിക്/അപ്ലൈഡ് സയന്‍സസില്‍ എം.എസ് സി./ബി.ടെക്./എം.ബി.ബി.എസ്./എം.ഫില്‍./എം.ടെക്./എം.ഫാര്‍മ./എം.വി.എസ്സി./അല്ലെങ്കില്‍ ബേസിക്/അപ്ലൈഡ് സയന്‍സസില്‍ പിഎച്ച്.ഡി./തത്തുല്യയോഗ്യത തുടങ്ങിയവ ഉള്‍പ്പെടും. കംപ്യൂട്ടറൈസ്ഡ് ഡേറ്റാബേസ് കൈകാര്യംചെയ്യല്‍, കളക്ഷന്‍, കൊളേഷന്‍, അനാലിസിസ്, റിപ്പോര്‍ട്ട് പ്രിപ്പറേഷന്‍ തുടങ്ങിയവയിലെ മികവ്, റിസര്‍ച്ച്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയിലെ പരിചയം, ഐ.പി.ആര്. സംബന്ധിച്ച അടിസ്ഥാന അറിവ്, മുതലായവ അഭികാമ്യമാണ്.
*പെര്‍മനന്റ്/റഗുലര്‍ ജോലിയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
*വനിതാശാസ്ത്രജ്ഞരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
*പ്രായം 1.12.2024ന്, 25നും 45നും ഇടയ്ക്കായിരിക്കണം.
സ്റ്റൈപ്പെന്‍ഡ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, അവരുടെ യോഗ്യതയ്ക്കനുസരിച്ച് പ്രതിമാസ സ്റ്റൈപ്പെന്‍ഡ് അനുവദിക്കും.ബേസിക്/അപ്ലൈഡ് സയന്‍സസില്‍ എം.എസ്സി., ബി.ടെക്./എം.ബി.ബി.എസ്./തത്തുല്യ ബിരുദം ഉള്ളവര്‍ക്ക് 30,000 രൂപയും എം.ഫില്‍./എം.ടെക്./എം.ഫാര്‍മ./എം.വി.എസ്സി./തത്തുല്യ ബിരുദമുള്ളവര്‍ക്ക് 35,000 രൂപയും ബേസിക്/അപ്ലൈഡ് സയന്‍സസില്‍ പിഎച്ച്.ഡി./തത്തുല്യബിരുദം ഉള്ളവര്‍ക്ക് 40,000 രൂപയും പ്രതിമാസം ലഭിക്കും.
തിരഞ്ഞെടുപ്പ്: അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഓണ്‍ലൈന്‍ ടെസ്റ്റിനു വിളിക്കും. അനലറ്റിക്, സയന്റിഫിക്, ടെക്നിക്കല്‍ അഭിരുചികള്‍ വിലയിരുത്തുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍, 120 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. സെക്ഷന്‍ എ. ജനറല്‍ സെക്ഷനും സെക്ഷന്‍ ബി. ടെക്നിക്കല്‍ സബ്ജക്ട് സെക്ഷനുമായിരിക്കും.സെക്ഷന്‍ എ.യില്‍ ജനറല്‍ ആപ്റ്റിറ്റിയൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മെന്റല്‍ എബിലിറ്റി, ജനറല്‍ സയന്‍സ് ആന്‍ഡ് ജനറല്‍ അവേര്‍നസ്, ഐ.പി.ആര്., ഇംഗ്ലീഷ് ഭാഷ എന്നിവയിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. സെക്ഷന്‍ ബി.യില്‍ ഏഴ് വ്യത്യസ്ത ടെക്നിക്കല്‍ സബ്ജക്ട് ഡൊമൈനുകളിലെ ചോദ്യങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുത്ത വിഷയത്തിനനുസരിച്ച് ഇവയില്‍ ഒന്നിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ശരിയുത്തരത്തിന് ഒരുമാര്‍ക്ക് വീതം കിട്ടും. ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് വീതം നഷ്ടപ്പെടും.ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.tifac.org.in അപേക്ഷ ജനുവരി 15 വരെ നല്‍കാം.