സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി പേരാവൂരിലെ സഹോദരങ്ങൾ

പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷന്റ അഭിമുഖ്യത്തിൽ നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി സഹോദരങ്ങൾ. പേരാവൂർ സ്വദേശികളും സഹോദരങ്ങളുമായ ആൽഫി ബിജു, അലൻ ജോസഫ് ബിജു, അഡോൺ ജോൺ ബിജു എന്നിവരാണ് സ്വർണ്ണ മെഡൽ നേടി അഭിമാനമായത്.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ ആൽഫി സ്വർണ്ണ മെഡൽ നേടിയപ്പോൾ, സബ് ജൂനിയർ ബോയ്‌സിൽ അഡോൺ ജോൺ ബിജുവും, അലൻ ജോസഫ് ബിജുവും സ്വർണ്ണ മെഡൽ നേടി. ആൽഫി കൊളക്കാട് സന്തോം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അലൻ ജോസഫ് ബിജു സാന്തോം ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയും അഡോൺ ജോൺ ബിജു സന്തോം യു.പി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ആൽഫി ബിജു നാല് തവണ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ജഴ്‌സിയിൽ കളിച്ച് മെഡൽ നേടുകയാണ് മൂവരുടെയും സ്വപ്നം. പേരാവൂർ കിഴക്കേ മാവാടി മഞ്ഞപ്പള്ളിയിൽ ബിജു ജോസഫ്, ജിഷി ബിജു ദമ്പതികളുടെ മക്കളാണ് മൂവരും. തൊണ്ടിയിൽ സാന്ത്വനം സ്‌പോർട്‌സ് അക്കാദമിയിൽ തങ്കച്ചൻ കോക്കാട്ടിന്റെ കീഴിലാണ് പരിശീലനം.