ജില്ലാ കേരളോത്സവം: സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി

ജില്ലാ കേരളോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾക്ക് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ.ഷംസീർ നിർവഹിക്കും.വെള്ളിയാഴ്ച ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി പ്രത്യേക യോഗം ചേർന്ന് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിച്ചത്. അനുശോചന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ടി.സരള, ശ്രീജിനി എൻ വി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ , അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജീഷ്. കെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.രഞ്ജിത്ത്, പിഎം.മോഹനൻ, കെഎം സ്വപ്ന, ഹാരീസ് കെപി എന്നിവർ സംസാരിച്ചു.