15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി കുറച്ചേക്കും

ന്യൂഡല്‍ഹി: പ്രതിവര്‍ഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയിലെ ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ സ്‌കീമില്‍ അടിസ്ഥാന നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍തന്നെ നിലനിര്‍ത്തുകയാണ് കഴിഞ്ഞ ബജറ്റില്‍ ചെയ്തത്. മൂന്നു മുതല്‍ ആറ് ലക്ഷംവരെയുള്ള സ്ലാബിന്റെ പരിധി ഒരു ലക്ഷം ഉയര്‍ത്തി ഏഴ് ലക്ഷമാക്കി നികുതി അഞ്ച് ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ന്നുള്ള സ്ലാബിലും ഒരു ലക്ഷം ഉയര്‍ത്തി ഏഴ് മുതല്‍ പത്ത് ലക്ഷം രൂപവരെയാക്കി 10 ശതമാനം നികുതിതന്നെ ബാധകമാക്കി. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിയാകട്ടെ 15 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. 12 ലക്ഷം മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുമ്പോള്‍ കാലാകാലങ്ങളില്‍ സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം മാത്രമാണ് പരിഗണിക്കുന്നതെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം മാനദണ്ഡമേ ആകുന്നില്ലെന്നുമുള്ള വിമര്‍ശനം നേരത്തേ തന്നെയുണ്ട്.
വിലക്കയറ്റം മധ്യവര്‍ഗക്കാരുടെ വാങ്ങല്‍ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മധ്യവര്‍ഗത്തിന്റെ കൈകളിലെ പണം സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.