ഇതാ അഷ്ടമുടിക്കായലിന്റെ ബ്യൂട്ടി സ്പോട്ട്; 31-ന് തുറക്കും

പെരിനാട്: ഒരിക്കൽ അഷ്ടമുടിക്കായലിലൂടെ സഞ്ചരിക്കവേ, ഇന്ത്യയുടെ പൂങ്കുയിൽ സരോജിനി നായിഡു ആവേശത്തോടെ വിളിച്ചുപറഞ്ഞു- ‘ഇതാ ഇന്ത്യയുടെ ബ്യൂട്ടി സ്പോട്ട് ‘. നവീകരണം കഴിഞ്ഞപ്പോൾ അഷ്ടമുടിക്കായലിന്റെ പ്രധാന ബ്യൂട്ടി സ്പോട്ടായി മാറിയ പെരിനാട് നാന്തിരിക്കൽ കടവ് 31-ന് വൈകീട്ട് നാലിന് മേയർ പ്രസന്ന ഏണസ്റ്റ് നാടിന് സമർപ്പിക്കും. സേവ് ദി ഡേറ്റ്, വിവാഹ ഫോട്ടോഷൂട്ട്, ജന്മദിനാഘോഷം, കൂട്ടായ്മകൾ തുടങ്ങിയവയുടെ സെൽഫി പോയിന്റായി ഇതിനകം ഇവിടം മാറിക്കഴിഞ്ഞു. പേരാലിന്റെ പശ്ചാത്തലത്തിൽ അഷ്ടമുടിക്കായൽത്തീരത്ത് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ചാഞ്ഞിരുന്ന് കായൽഭംഗി ആസ്വദിക്കാൻ വിദേശസഞ്ചാരികളും എത്തിത്തുടങ്ങി. പേരാലുകളാണ് ഇവിടത്തെ പ്രകൃതിക്ക് ചാരുതയേകുന്നത്.
ഒട്ടേറെ പേരാലുകൾ ഈ ഭാഗത്തുണ്ട്. കൊല്ലം കോർപ്പറേഷന്റെ ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതിയുടെ ഭാഗമായിട്ടാണ് നാന്തിരിക്കൽ കടവ് നവീകരിച്ചത്. ഇരിപ്പിടങ്ങളും കൽപ്പടവുകളും സ്ഥാപിച്ചു. 2020-ൽ നാന്തിരിക്കൽ തീരദേശപാത വന്നതോടെ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി ഇവിടം മാറിയിരുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കരിമീനും കപ്പയും നൽകാനുള്ള കുടുംബശ്രീ അയൽക്കൂട്ട സംരംഭം തുടങ്ങാൻ ഉദ്ദേശ്യമുണ്ടെന്ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ പറഞ്ഞു. പേരാലിന്റെ ചുവട്ടിൽ കവിയരങ്ങുകളും സാഹിത്യചർച്ചകളും നടത്താനുള്ള ഒരുക്കത്തിലാണ് സംഘടനകളെന്ന് പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷൻ ജാഫി മജീദ് പറഞ്ഞു.