അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ അധികൃതർ; തകർന്നിട്ട് രണ്ട് വർഷം

പാറത്തോട്∙ കുഴിയിൽ വീണ് അപകടം കൂടുമ്പോഴും അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ മരാമത്ത് വകുപ്പ്. റോഡ് തകർന്നിട്ട് 2 വർഷം കഴിഞ്ഞു. അടക്കാത്തോട് മുതൽ പാറത്തോട് വാട്ടർ ടാങ്ക് വരെയുള്ള പാതയാണ് തകർന്നത്. കേളകം പഞ്ചായത്തിലെ പകുതിയിൽ അധികം ജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്. വാട്ടർ ടാങ്കിന് സമീപം വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്.പല വാഹനങ്ങളും കുഴിയിൽ ചാടി കേടുപാടുകൾ സംഭവിക്കുന്നതും വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കേളകം ടൗൺ മുതൽ രണ്ട് കിലോമീറ്റർ പാത മെക്കാഡം ടാറിങ് നടത്തിയതാണ്. ഇല്ലിമുക്ക് വരെ റോഡിന് വലിയ കുഴപ്പങ്ങളില്ല. അവശേഷിച്ച ആറ് കിലോമീറ്റർ റോഡ് പൂർണമായി തകർന്നു. അറ്റകുറ്റപ്പണികൾ പോലും നടത്താൻ ശ്രമിക്കുന്നില്ല. പൂർണമായി മെക്കാഡം ടാറിങ് നടത്തി സംരക്ഷിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.