എം.ടിക്ക് വിട നൽകാനൊരുങ്ങി കേരളം, അന്ത്യാഞ്ജലി അർപ്പിച്ച് പിണറായി വിജയൻ, ‘സിതാര’യിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

Share our post

കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ ‘സിതാര’യില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയിൽ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാളത്തിന്‍റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ആണ് സംസ്കാരം.മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു

മലയാള സാഹിത്യത്തിലെ മഞ്ഞുകാലം മാഞ്ഞപ്പോള്‍ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണ് ‘സിതാര’യിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെയും ആയിരങ്ങളാണ് എംടിയെ അവസാനായി കാണാൻ വീടിന് മുന്നിൽ കാത്തുനിൽക്കുന്നത്. നടക്കാവ് കൊട്ടാരക്കടവ് റോഡിലെ സിതാരയെന്ന എഴുത്തിന്‍റെ നാലുകെട്ടില്‍ നിശ്ചലനായി നിദ്യനിദ്രയിലാണ്ട ഇതിഹാസത്തെ കാണാൻ സിനിമ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരാണ് എത്തിയത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്.വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. രാത്രിയിലെ ഇരുട്ടിലും എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി ചെല്ലാന്‍ നഗരം രാത്രിയും സിതാരയിലെത്തി.എഴുത്തുകാരന്‍ നിതാന്തനിദ്രയിലാഴുമ്പോള്‍ തനിച്ചായ ആള്‍ക്കൂട്ടം നെടുവീര്‍പ്പെടുകയും കണ്ണ് നനയ്ക്കുകയും ഓര്‍മ പുസ്തകം നിറയ്ക്കാന്‍ വാക്കുകള്‍ക്കായി പരതുകയും ചെയ്യുന്നുണ്ട്. പുലര്‍ച്ച നടന്‍ മോഹന്‍ലാല്‍ പ്രിയപ്പെട്ട ഇതിഹാസത്തെ യാത്രയാക്കാനെത്തി.
സിനിമയിലും എഴുത്തിന്‍റെ വീരഗാഥ തീര്‍ത്ത പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകന്‍ ഹരിഹരന്‍റെ കണ്ണ് നിറഞ്ഞിരുന്നു.

യാത്രയാക്കുന്നു എന്ന് സ്വന്തം ഹരിഹരനെന്ന ഭാവേന കാല്‍ക്കല്‍ കുറേനേരം നോക്കി നിന്നു. പിന്നെ തളര്‍ന്ന് അശ്വതിക്കരികിലിരുന്നു. ബന്ധങ്ങളില്‍ ഋതുസമിശ്ര കാലമാണ് എംടി. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകരും സാധാരണക്കാരും ഒഴുകിയെത്തിയത്. സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിക്കാന്‍ ആലങ്കോട് ലീലാ കൃഷ്ണനുള്‍പ്പെടെയുളള സമകാലികരും പുതുതലമുറ എഴുത്തുകാരുമെത്തി. കഥയുടേയും കഥാപാത്രത്തിന്‍റേയും സൃഷ്ടാവിനു മുന്നില്‍ കുട്ട്യേടത്തി വിലാസിനി കണ്ണീരോടെയാണ് പ്രണാമം അര്‍പ്പിച്ചത്. പടിഞ്ഞാറെ ചക്രവാളത്തില്‍ ഇരുള്‍ പരക്കുന്നതിനു മുന്‍പേ ദാര്‍ എസ് സലാമെന്ന കൃതിയുടെ പേര് പോലെ ശാന്തിയുടെ കവാടം പുല്‍കാന്‍ ഒരുങ്ങുകയാണ് എംടി. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കും. ഇവിടെ വെച്ചായിരിക്കും ഔദ്യോഗിക ബഹുമതികള്‍ നൽകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!