ജില്ലാ കേരളോത്സവം ഡിസംബർ 27 മുതൽ അഴീക്കോട്ട്

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 27, 28, 29 തീയ്യതികളിലായി അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്‌നകുമാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കേരളോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം 27ന് രാവിലെ 9:30ന് ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി. എൻ ജോസഫ് നിർവഹിക്കും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 28ന് വൈകീട്ട് അഞ്ച് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്‌നകുമാരി അധ്യക്ഷയാവും. കെ വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയും സിനിമാതാരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയുമാകും.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകൾ, ഒമ്പത് മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ മൂവായിരത്തിലധികം യുവജനങ്ങളാണ് പങ്കെടുക്കുക.
18 വയസ്സു മുതൽ 40 വയസ്സു വരെയുള്ള മത്സരാർഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. അഴീക്കോട് വൻകുളത്ത് വയൽ ഹയർസെക്കൻഡറി സ്‌കൂൾ, അക്ലിയത്ത് എൽ പി സ്‌കൂൾ, പഞ്ചായത്ത് മിനി സ്റ്റേഡിയം, പഞ്ചായത്ത് ഹാൾ എന്നിവയാണ് പ്രധാന വേദികൾ.ഡിസംബർ 25ന് വൈകിട്ട് അഞ്ച് മണിക്ക് പൂതപ്പാറയിൽ നിന്ന് വൻകുളത്ത് വയൽ വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. സ്റ്റേജ് മത്സരം ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന ജല സംഗീതശില്പം അരങ്ങേറും.ജില്ലാ പഞ്ചായത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ അഡ്വ ടി സരള, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അജീഷ്, യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം സിപ ഷിജു, ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് പികെ ശാന്തി, ജൂനിയർ സൂപ്രണ്ട് ശ്രീജയ ടിപി എന്നിവർ അറിയിച്ചു.