കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര വിപണിക്ക് ജില്ലയിൽ തുടക്കമായി

Share our post

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. വിപണിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ പോലീസ് ക്ലബ് ജിമ്മി ജോർജ് ഹാളിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലാണ് സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് മുഖേന നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യ കിറ്റ് കെ വിജയക്ക് നൽകി മന്ത്രി വിൽപനയ്ക്ക് തുടക്കം കുറിച്ചു.
നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പെടെ 13 ഇനങ്ങൾ വിപണിയിൽ നിന്നും സബ്സിഡിയോടെ ലഭിക്കും. കൂടാതെ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി ഉൾപ്പെടെ ആവശ്യസാധനങ്ങൾ വിപണി വിലയേക്കാൾ വിലകുറച്ച് നോൺ സബ്സിഡി ഉൽപ്പന്നങ്ങളായും വിതരണം ചെയ്യുന്നുണ്ട്. ക്രിസ്തുമസ്- പുതുവത്സര കേക്കുകൾ, കൺസ്യൂമർ ഫെഡിന്റെ ത്രിവേണി നോട്ട് ബുക്കുകളുടെ ഡിസ്‌കൗണ്ട് കച്ചവടം എന്നിവയും വിപണിയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിപണിയിലൂടെ പ്രതിദിനം 300 കുടുംബങ്ങൾക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ 13 ഇനം സബ്സിഡി സാധനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള അതേ അളവിലും വിലയിലും ലഭിക്കും. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റിലൂടെ പ്രതിദിനം 75 കുടുംബങ്ങൾക്കും സബ്സിഡി വിതരണം ഉണ്ടാകും. ജനുവരി ഒന്ന് വരെയാണ് വിപണി പ്രവർത്തിക്കുക. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൺസ്യൂമർഫെഡ് ഡയറക്ടർ കെ.പി പ്രമോദ്, അസിസ്റ്റന്റ് റീജിയണൽ മാനേജർമാരായ വി.കെ രാജേഷ്, കെ.സുധീർ ബാബു, മുൻ ഡയറക്ടർ മോഹനൻ കൊല്ലേൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!