ശബരിമലയിലേക്ക് രൂപമാറ്റം വരുത്തി അലങ്കരിച്ച വാഹനങ്ങളെത്തിയാല്‍ നടപടി; മുന്നറിയിപ്പുമായി എം.വി.ഡി

Share our post

ശബരിമല: ശബരിമലയിലേയ്ക്ക് അലങ്കരിച്ച വാഹനങ്ങളില്‍ തീര്‍ഥാടനത്തിനെത്തുന്നതിനെതിരേ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയും ക്ഷേത്രങ്ങളുടെ മാതൃകയുള്‍പ്പെടെ ഘടിപ്പിച്ചും തീര്‍ഥാടനത്തിന് എത്തുന്നതിനെതിരേ ബോധവത്കരണവും തുടങ്ങി.അപകടസാധ്യതയുള്ള വനമേഖലയിലെ പാതകളിലൂടെയാണ് ശബരിമല തീര്‍ഥാടകര്‍ വരേണ്ടത്. കൊടും വളവുകളും കൊക്കകളും നിറഞ്ഞ പാതയാണിത്. ഇവിടെ അടിസ്ഥാനപരമായ രൂപഘടനയില്‍ മാറ്റംവരുത്തി വാഹനങ്ങള്‍ എത്തുന്നത് വലിയ അപകടങ്ങള്‍ക്കിടയാക്കും.എതിരേവരുന്ന വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഏതൊരു രൂപമാറ്റവും പിഴയീടാക്കാവുന്ന കുറ്റമാണ്. ശബരിമലയിലേക്ക് അലങ്കരിച്ച വാഹനങ്ങളില്‍ ഭക്തര്‍ സഞ്ചരിക്കുന്നത് മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനും കാരണമാകും. വലിയശബ്ദത്തില്‍ പാട്ടുകള്‍വെച്ച് വാഹനങ്ങള്‍ എത്തുന്നതും അപകടകാരണമാകുന്നുണ്ട്.

തീവ്രവെളിച്ചമുള്ള ലൈറ്റുകളും മറ്റും ഘടിപ്പിച്ച വാഹനങ്ങളുമായും തീര്‍ഥാടകര്‍ എത്തുന്നു. രാത്രിയില്‍ ഇത്രയും വെളിച്ചമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് അപകടത്തിനിടയാക്കും.തീര്‍ഥാടനത്തിന്റെ തുടക്കംമുതല്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ല. ഇതുവരെ കടുത്തനടപടികള്‍ കൈക്കൊള്ളാതെ ഉപദേശം നല്‍കി മടക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ഭക്തര്‍ എത്തുന്ന സമയമായതോടെ, പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ.വലിയശബ്ദവും വെളിച്ചവുമുള്ള വാഹനങ്ങള്‍ വന്യമൃഗങ്ങള്‍ക്കും ശല്യമായേക്കാം. വലിയവാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വനമേഖലയില്‍ നിക്ഷേപിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് ദോഷംചെയ്യും. ഇപ്പോള്‍ ഹരിതസേന ഇത് ശേഖരിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ബോധവത്കരണത്തിനും മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. ശബരിമലയിലേക്ക് എത്തുന്നതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണയിലാണ് പലരും നിയമം ലംഘിക്കുന്നത്. കഴിഞ്ഞദിവസം രൂപമാറ്റം വരുത്തിയെത്തിയ ഓട്ടോറിക്ഷ, അധികൃതര്‍ കടത്തിവിട്ടില്ല. പിഴയും അടപ്പിച്ചു. ഇവര്‍ക്ക് മറ്റൊരു വാഹനത്തില്‍ പമ്പയ്ക്ക് പോകേണ്ടിവന്നു.

സേഫ് സോണ്‍ ഹെല്‍പ്പ്ലൈന്‍

ശബരിമല: സുരക്ഷിത ശബരിമല യാത്രയ്ക്കായി സേഫ് സോണ്‍ ഹെല്‍പ്പ്ലൈന്‍ നമ്പറുകളുമായി മോട്ടോര്‍ വാഹനവകുപ്പ്. യാത്രയ്ക്കിടെ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ അടിയന്തര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സഹായവുമായി വകുപ്പ് എത്തും. ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി,ആംബുലന്‍സ് എന്നീ സഹായങ്ങളാണ് നല്‍കുക. ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 9400044991, 9562318181.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!