ഐതിഹ്യപ്പെരുമയിൽ ദേവക്കൂത്ത്

മാട്ടൂൽ:അപ്സരസിന്റെ നൃത്തച്ചുവടുകളിൽ മനം കുളിർത്ത് തെക്കുമ്പാട്. കൂലോം തായക്കാവിലാണ് ദേവലോകത്തുനിന്നെത്തിയ അപ്സരസിന്റെ ഐതിഹ്യപ്പെരുമയിൽ ദേവക്കൂത്ത് (സ്ത്രീ തെയ്യം) കെട്ടിയാടിയത്.തെക്കുമ്പാടിന്റെ പ്രകൃതിഭംഗിയിൽ ആകൃഷ്ടരായി ദേവകന്യകമാർ ദ്വീപിലെത്തി. പൂക്കൾ പറിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചും തെക്കുമ്പാട് ദ്വീപിലെ വള്ളിക്കെട്ടുകൾക്കിടയിൽ ദേവകന്യക ഒറ്റപ്പെട്ടു. പിന്നീട് സഹായത്തിന് അഭ്യർഥിച്ചു.നാരദൻ എത്തി ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നതാണ് ഐതിഹ്യം. സ്ത്രീകൾ ചൊല്ലുന്ന ഐതിഹ്യചരിതവും ശ്രദ്ധേയമാണ്. മാടായിയിലെ അംബുജാക്ഷിയാണ് വർഷങ്ങളായി ദേവക്കൂത്ത് കെട്ടുന്നത്.മുഖത്തെഴുതി തലപ്പാളി, തൊപ്പാരം, തലത്തണ്ട, ചുയിപ്പ്,പവിത്രം മാല, പവ്വം, കാൽചിലങ്ക, പാദസരം തുടങ്ങിയ അലങ്കാരങ്ങളും ചെമ്പട്ടിൽ ഒരുക്കിയ ഉടയാടയും അണിഞ്ഞാണ് ദേവക്കൂത്ത് ക്ഷേത്രനടയിൽ ചെറു നൃത്തച്ചുവടുകളോടെ നിറഞ്ഞാടിയത്.അംബുജാക്ഷിയുടെ ബന്ധുവായ രജിൽലാൽ പണിക്കരാണ് നാരദൻ വേഷം കെട്ടിയത്.