സൗന്ദര്യവത്കരിച്ച ബേപ്പൂര്‍ ബീച്ച് നാടിന് സമര്‍പ്പിച്ചു

Share our post

നവീകരിച്ച്, സൗന്ദര്യവത്ക്കരിച്ച ബേപ്പൂര്‍ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ബേപ്പൂര്‍ ഒരു തുറമുഖ പട്ടണമാണ് എന്നതാണ് ബീച്ചിന്റെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍നിന്ന് ബേപ്പൂരിലക്ക് സഞ്ചാരികള്‍ക്ക് ജലമാര്‍ഗ്ഗം വരാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള തുറമുഖ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്. ഭാവിയില്‍ കൊച്ചി പോലെ ഒരു തുറമുഖ പട്ടണമായി ബേപ്പൂര്‍ മാറുമെന്നും മന്ത്രി പറഞ്ഞു.ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാട്ടിലെ സാധാരണക്കാരുടെ ഉത്സവമാണ്. വാട്ടര്‍ഫെസ്റ്റിന്റെ പ്രധാന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ ടൂറിസം വകുപ്പ് 9.94 കോടി രൂപ മുതല്‍ മുടക്കിലാണ് സൗന്ദര്യവത്കരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയത്. ബീച്ച് എന്നും വൃത്തിയുള്ളതും സുന്ദരവുമായി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.ഇതിനായി നാട്ടിലെ യുവജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ടൂറിസം ക്ലബ്ബിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ ഹോംസ്റ്റേ സംരംഭങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ് മന്ത്രി പറഞ്ഞു.ബേപ്പൂര്‍ ബീച്ചിന്റെ ആദ്യഘട്ട ടൂറിസം നവീകരണ പദ്ധതിയാണ് പൂര്‍ത്തിയായത്. പുലിമുട്ട് ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്കുകള്‍, സീറ്റിങ് റിനോവേഷന്‍, യാര്‍ഡ് ഡ്രെയിനേജ്, യാര്‍ഡിലെ സീറ്റിങ് വര്‍ക്കുകള്‍, ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍, റാമ്പ് വര്‍ക്കുകള്‍, ബ്ലൂ സ്പ്രേ കോണ്‍ക്രീറ്റ്, ഡ്രൈവ് വേ കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ എന്നിവയാണ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ ടി. രജനി, പി. രാജീവ്, നവാസ് വാടിയില്‍, സുരേഷ് കൊല്ലരത്ത്, ഗിരിജ, ടി.കെ. ഷമീന, ടി. രാധാഗോപി, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ഡി.ടി.പി.സി. സെക്രട്ടറി നിഖില്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!